പുത്തന്‍ചിറ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: നറുക്കെടുപ്പ് വേണ്ടിവരും

മാള: അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫ്.ഭരണസമിതിയെ അട്ടിമറിച്ച പുത്തന്‍ചിറ പഞ്ചായത്തില്‍ പ്രസിഡന്‍റിനെ കണ്ടത്തൊന്‍ നറുക്കെടുപ്പ് വേണ്ടിവരും. പ്രതിപക്ഷ നേതാവായ വി.എ. നദീറിനെ പ്രസിഡന്‍റാക്കാനാണ് യു.ഡി.എഫ് നീക്കമെങ്കിലും അട്ടിമറിയില്‍ നിര്‍ണായക പങ്ക് വഹിച്ച കെ.വി.സുജിത് ലാല്‍ രംഗത്ത് വരാന്‍ സാധ്യതയുണ്ട്. സി.പി.എം നയങ്ങളില്‍ പ്രതിഷേധിച്ച് ജനകീയ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച ഇദ്ദേഹം യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്. സുജിത് ലാലിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും യു.ഡി.എഫില്‍ ഉണ്ട്. സജിത് ലാല്‍ ആവശ്യപ്പെട്ടാല്‍ പ്രസിഡന്‍റ് സ്ഥാനം ഒരു നിശ്ചിത കാലത്തേക്ക് പങ്കിടേണ്ടി വരും. അല്ലാത്തപക്ഷം നറുക്കിടല്‍ നടത്തി ഭരണം തീരുമാനിക്കേണ്ടിവരും. അതേസമയം, എന്തുവില നല്‍കിയും ഭരണം കൈയാളാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്‍റ് എം.പി.സോണിക്കെതിരെയുള്ള വിജയമായാണ് ഇവര്‍ അവിശ്വാസ പ്രമേയത്തെ കാണുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും പുറത്തിറങ്ങി ജയിച്ചു വന്ന സോണിയെ യു.ഡി.എഫ് സമീപിച്ചു അവസാന വര്‍ഷം പ്രസിഡന്‍റ് പദവി വാഗ്ദാനം നടത്തിയിരുന്നു. ഇത് തട്ടിക്കളഞ്ഞ സോണി എല്‍.ഡി.എഫിന് പിന്തുണ നല്‍കിയാണ് പ്രസിഡന്‍റായത്. സഹികെട്ട യു.ഡി.എഫ് സോണി ഭരണത്തെ തള്ളി താഴേയിടാനുള്ള കരുക്കള്‍ നീക്കി. ഇതാണ് ഇപ്പോള്‍ വിജയം കണ്ടത് ഏകപക്ഷീയമായ എട്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.15 അംഗ പഞ്ചായത്തിലെ ഭരണകക്ഷിയംഗങ്ങളായ എല്‍.ഡി.എഫിലെ ആറ് അംഗങ്ങളും, പ്രസിഡന്‍റ് സോണിയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഭരണസ്തംഭനമെന്ന് ആരോപിച്ചാണ് യു.ഡി.എഫ്. നോട്ടീസ് നല്‍കിയത്. ഇരുമുന്നണികള്‍ക്കും ആറ് വീതം സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് ഒന്നും രണ്ട് സ്വതന്ത്രമാരുമാണു മറ്റുള്ളവര്‍. ഇരുസ്വതന്ത്രന്മാരും ഇരുമുന്നണികളില്‍ നിന്നും പോന്നവരാണെന്ന പ്രത്യേകതയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.