മാംസ വിപണിയില്‍ വീണ്ടും ‘സൂനാമി’

തൃശൂര്‍: നഗരത്തിലെ ഭക്ഷണശാലകളില്‍ വീണ്ടും സൂനാമി ഇറച്ചി എത്തുന്നുവെന്ന് ആക്ഷേപം. ഇറച്ചിക്ഷാമത്തിന്‍െറ മറവിലാണ് തമിഴ്നാട്ടില്‍നിന്നുള്ള സൂനാമി ഇറച്ചി വില്‍പന വീണ്ടും വ്യാപകമായത്. ഇടക്കാലത്ത് ആരോഗ്യവിഭാഗത്തിന്‍െറ പരിശോധനയെ തുടര്‍ന്ന് നിലച്ചതാണ് സൂനാമി ഇറച്ചി വരവ്. ഹോട്ടല്‍ വിപണി ലക്ഷ്യമിട്ട് മാര്‍ക്കറ്റില്‍ ഇറക്കുന്ന ഇത്തരം ഇറച്ചി കട്ലറ്റ്, മീറ്റ്റോള്‍ എന്നിവയിലാണ് കൂടുതലും ഉപയോഗിക്കുന്നതെന്ന് വ്യാപാരികള്‍തന്നെ രഹസ്യമായി പറയുന്നു. പല ഹോട്ടലുകളിലും വിഭവങ്ങളില്‍ ഇത്തരം ഇറച്ചി ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഇറച്ചിയുടെ തിരിവ്, കശാപ്പ് ചെയ്യുമ്പോള്‍ തള്ളുന്ന മാംസാവശിഷ്ടങ്ങള്‍, ചത്ത കാലികളുടെ ഇറച്ചി എന്നിവയാണ് സൂനാമി ഇറച്ചിയെന്ന പേരില്‍ എത്തുന്നത്. കന്നുകാലി സമരത്തെ തുടര്‍ന്ന് ഇറച്ചിക്ഷാമം നേരിട്ടപ്പോഴായിരുന്നു നേരത്തേ സൂനാമി ഇറച്ചിയുടെ വരവുണ്ടായത്. കാലിസമരം അവസാനിച്ചെങ്കിലും നിലവില്‍ ഹോട്ടലുകളിലേക്ക് ആവശ്യമായ ഇറച്ചി നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഇറച്ചി വ്യാപാരികള്‍ സമ്മതിക്കുന്നു. എന്നാല്‍, എല്ലാ ഹോട്ടലുകളിലും ആവശ്യത്തിന് ഇറച്ചി വിഭവങ്ങള്‍ ലഭിക്കുന്നതിന് കാരണം അതിര്‍ത്തി കടന്നത്തെുന്ന ഇറച്ചിയാണെന്നാണ് ഇറച്ചിവ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. മാട്ടിറച്ചിക്ക് കിലോ മുന്നൂറ് രൂപ വരെയാണ് വില. എന്നാല്‍, മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിക്കുന്ന ഇറച്ചി നിസ്സാര വിലയില്‍ ആവശ്യക്കാര്‍ക്ക് ലഭിക്കും. സംസ്ഥാനത്ത് ഇറച്ചിയുപയോഗത്തില്‍ മുന്‍പന്തിയിലാണ് ജില്ലയുടെ സ്ഥാനം. അതിര്‍ത്തി കടന്നത്തൊനും മധ്യകേരളമെന്ന നിലയില്‍ സ്റ്റോക്ക് ചെയ്യാനും പ്രധാന കേന്ദ്രമെന്ന നിലയിലും ജില്ല സൗകര്യപ്രദമാണത്രേ. ഇവിടെ നിന്നാണ് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിക്കുന്നതെന്നും പറയുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന സൂനാമി ഇറച്ചിയുടെ വരവ് തടയാന്‍ ഭക്ഷ്യ വകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യം വ്യാപാരികള്‍തന്നെ ഉയര്‍ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.