നാലമ്പലം അണയാം...

തൃശൂര്‍: രാമായണ കഥകേട്ടുണരുന്ന കര്‍ക്കടകപ്പുലരികളില്‍ നാലമ്പല ദര്‍ശനത്തിലൂടെ പുണ്യം നേടാന്‍ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ ക്ഷേത്രങ്ങളൊരുങ്ങി. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വികാചാരമാണ് നാലമ്പല ദര്‍ശനം. രാമായണ മാസമായി ആചരിക്കുന്ന കര്‍ക്കടകത്തില്‍ ഉച്ചപൂജക്കുമുമ്പ് രാമ, ലക്ഷ്മണ, ഭരത,ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം. നാളെയാണ് കര്‍ക്കടകം ഒന്ന്. അടുത്തമാസം 16 വരെ 32 ദിവസമാണ് നാലമ്പല ദര്‍ശനകാലം. തൃപ്രയാര്‍ ശ്രീരാമന്‍ മുതല്‍ പായമ്മല്‍ ശത്രുഘ്നന്‍ വരെയുള്ളവരെ കണ്ടുതൊഴാനുള്ള തീര്‍ഥാടനം നാളെ തുടങ്ങും. ക്ഷേത്രദര്‍ശനത്തിനത്തെുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാന്‍ ക്ഷേത്ര ഭരണസമിതികള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനമാണ് കര്‍ക്കടകത്തില്‍ പുണ്യമായി വിശ്വാസികള്‍ കരുതുന്നത്. തൃപ്രയാറില്‍നിന്ന് പുറപ്പെട്ട് കൂടല്‍മാണിക്യം, മൂഴിക്കുളം വഴി പായമ്മല്‍ വരെയുള്ള ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസംകൊണ്ട് ദര്‍ശനം നടത്തി വരുന്നതാണ് രീതി. ഇതിന് കെ.എസ്.ആര്‍.ടി.സി തൃപ്രയാറില്‍നിന്ന് പ്രത്യേക സര്‍വിസുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് ദര്‍ശനം തുടങ്ങും. ഉച്ചക്ക് 12.30ന് അടച്ച് വൈകീട്ട് അഞ്ചിന് വീണ്ടും തുറന്ന് രാത്രി എട്ടു വരെ ദര്‍ശനം അനുവദിക്കും. മീനൂട്ടാണ് ഇവിടെ പ്രധാന വഴിപാട്. രാജ്യത്ത് അപൂര്‍വമായുള്ള ഭരതക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെയുമാണ് ഇവിടെ ദര്‍ശനം. താമരമാലയും മീനൂട്ടും നെയ്വിളക്കും ഇവിടെ പ്രധാന വഴിപാടുകളാണ്. മൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലാണ്. വെള്ളാങ്ങല്ലൂര്‍, അന്നമനട വഴിയാണ് മൂഴിക്കുളത്ത് എത്തുന്നത്. ഇവിടെ പുലര്‍ച്ചെ നാലിനാണ് ദര്‍ശനം തുടങ്ങുന്നത്. 11 വരെ തുടരും. വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെയുണ്ട്. മൂഴിക്കുളത്ത് തൊഴുത് തിരിച്ച് ഇരിങ്ങാലക്കുടക്ക് അടുത്തുള്ള പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തില്‍ എത്തുന്നതാണ് നാലമ്പലം തൊഴലിന്‍െറ ക്രമം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഹനുമാനെ തൊഴുത് ശ്രീരാമന്‍െറ നിര്‍മാല്യ ദര്‍ശനത്തോടെയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുന്നത്. കൂടല്‍മാണിക്യം, മൂഴിക്കുളം ക്ഷേത്രങ്ങളില്‍ ഉഷപൂജ തൊഴാനും പായമ്മല്‍ ക്ഷേത്രത്തില്‍ ഉച്ചപൂജ തൊഴാനും എത്തുന്നതാണ് രീതി. തൃശൂര്‍, എറണാകുളം ജില്ലകള്‍ക്കു പുറത്തുള്ളവരും ഈ നാല് ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസത്തില്‍ തൊഴാന്‍ എത്താറുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തിന്‍െറ നിയന്ത്രണമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ഇരിങ്ങാലക്കുട ദേവസ്വവും മറ്റും തീര്‍ഥാടകര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.