രണ്ടായിരത്തോളം പട്ടികജാതി-വര്‍ഗ ഗുണഭോക്താക്കള്‍ വലയുന്നു

തൃശൂര്‍: ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയില്‍ വീട് അനുവദിച്ച രണ്ടായിരത്തോളം പട്ടികജാതി-വര്‍ഗ ഗുണഭോക്താക്കള്‍ പണം ലഭിക്കാതെ വലയുന്നു. ഗ്രാമസഭയില്‍ തയാറാക്കിയ മുന്‍ഗണനാപട്ടിക പട്ടികജാതി -വര്‍ഗ വികസനവകുപ്പ് ഓഫിസില്‍ എത്തിച്ചതിലെ താമസമാണ് പ്രശ്നത്തിനിടയാക്കിയത്. കടം വാങ്ങി വീടുപണി പൂര്‍ത്തിയാക്കിയവരും കാലപ്പഴക്കം കാരണം പഴയ വീട് പൊളിച്ച് നിര്‍മാണം തുടങ്ങിയവരുമാണ് വെട്ടിലായത്. കാലതാമസം ഉണ്ടായതോടെ വകുപ്പ്, ബ്ളോക് പട്ടികജാതി വികസന ഓഫിസര്‍ മുഖേന നേരിട്ട് ഭവനനിര്‍മാണത്തിന് അപേക്ഷിച്ച 460 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതം അനുവദിച്ചു. ഇതോടെ പട്ടികവിഭാഗത്തില്‍പെട്ടവര്‍ക്ക് രണ്ടുതരത്തില്‍ ഫണ്ട് അനുവദിച്ചതിനെതിരെ പരാതി ഉയര്‍ന്നു. പദ്ധതി പ്രകാരം രണ്ടുലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് 20,000, ബ്ളോക് പഞ്ചായത്ത് 32,000, ജില്ലാ പഞ്ചായത്ത് 28,000, സംസ്ഥാന സര്‍ക്കാര്‍ 50,000, കേന്ദ്ര സര്‍ക്കാര്‍ 70,000 എന്നിങ്ങനെയാണ് ഫണ്ട് വിഹിതം. 2014-15 വര്‍ഷത്തില്‍ 4,122 പേരെയാണ് തെരഞ്ഞെടുത്തത്. ജനറലില്‍നിന്ന് 2,393 പേരെയും പട്ടികജാതിയില്‍നിന്ന് 1,693 പേരെയും പട്ടികവര്‍ഗത്തില്‍നിന്ന് 36 പേരെയും തെരഞ്ഞെടുത്തു. തറപ്പണി, ഭിത്തിനിര്‍മാണം, മേല്‍ക്കൂര എന്നിവക്ക് 30 ശതമാനം വീതവും നിലംപണിക്ക് 10 ശതമാനവുമാണ് ഫണ്ട് അനുവദിക്കുന്നത്. സര്‍ക്കാര്‍ വിഹിതമായ 50,000 രൂപ ലഭിക്കാന്‍ കാലതാമസം വന്നതോടെ മറ്റ് ഫണ്ടുകളില്‍നിന്ന് തുക അനുവദിക്കാന്‍ പ്രത്യേക അനുമതി നല്‍കി. ത്രിതല പഞ്ചായത്തുകള്‍ ചെലവഴിക്കാന്‍ സാധ്യതയില്ലാത്ത പദ്ധതി ഫണ്ടും ബ്ളോക് പഞ്ചായത്തിന്‍െറ ഐ.എ.വൈ അക്കൗണ്ടില്‍ ചെലവഴിക്കാതെ കിടക്കുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടും പ്ളാന്‍ ഫണ്ടും പൂരക പോഷകാഹാര പദ്ധതി ഇനത്തില്‍ മടക്കിക്കിട്ടുന്ന തുകയും ഐ.എ.വൈ ഭവനനിര്‍മാണത്തിന് ചെലവഴിക്കാനാണ് അനുമതി നല്‍കിയത്. പൊതു ധനകാര്യ വകുപ്പുവഴി കേന്ദ്രഫണ്ട് നല്‍കാനും കാലതാമസം ഉണ്ടാകുന്നുവെന്ന പരാതിയുണ്ട്. ഈ ഘട്ടത്തിലാണ് പട്ടികജാതി വികസനവകുപ്പ് നേരിട്ട് അപേക്ഷിച്ച 460 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതം അനുവദിച്ചത്. എസ്.സി.-എസ്.ടി വിദ്യാഭ്യാസ സംരക്ഷണസമിതി ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ ഐ.എ.വൈ ഭവനനിര്‍മാണ പദ്ധതിയിലെ 1,729 ഗുണഭോക്താക്കളുടെ വിഹിതം മൂന്നുലക്ഷം രൂപയാക്കി. രണ്ടുലക്ഷത്തിന്‍െറ കൂടെ അധിക തുകയായ ലക്ഷം രൂപ വീതം പട്ടികജാതി വികസന വകുപ്പ് നല്‍കാമെന്ന് ഉത്തരവുണ്ടായെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. വകുപ്പുകള്‍ തമ്മിലെ അനൈക്യമാണ് കാരണമെന്ന് അറിയുന്നു. ഗുണഭോക്താക്കളായ 1,729 കുടുംബങ്ങള്‍ക്ക് അനുവദിച്ച ലക്ഷം രൂപ ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്.സി.-എസ്.ടി വിദ്യാഭ്യാസ സംരക്ഷണസമിതി ജില്ലാ സെക്രട്ടറി എം.എ. ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. മുഴുവന്‍ ഫണ്ടും അനുവദിക്കാന്‍ പട്ടികജാതി വികസന വകുപ്പും സര്‍ക്കാറും ഉടനടി നടപടി സ്വീകരിക്കണമെന്ന് ബി.എസ്.പി ജില്ലാ പ്രസിഡന്‍റ് പി.പി. ഉണ്ണിരാജ്, ജില്ലാ പട്ടികജാതി -വര്‍ഗ സംയുക്ത സമിതി പ്രസിഡന്‍റ് എ.കെ. സന്തോഷ്, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി വിജയന്‍ വല്ലച്ചിറ എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.