ടിപ്പര്‍ പുഴയില്‍ വീണ് ഡ്രൈവറെ കാണാതായി

ആമ്പല്ലൂര്‍: ദേശീയപാത കുറുമാലിപ്പാലത്തില്‍നിന്ന് ടിപ്പര്‍ പുഴയിലേക്ക് വീണ് ഡ്രൈവറെ കാണാതായി. ചിറ്റിശേരി സ്വദേശി പാണയേങ്ങാടന്‍ വീട്ടില്‍ ഫ്രാന്‍സിസിന്‍െറ മകന്‍ വിനുവിനെയാണ് (25) കാണാതായത്. പാലത്തിന്‍െറ കൈവരിയിലിടിച്ച് നിയന്ത്രണം വിട്ട ടിപ്പര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. പാലത്തിന്‍െറ കൈവരി തകര്‍ന്നത് കണ്ട യാത്രികര്‍ രാവിലെ 7.45 ഓടെയാണ് പുതുക്കാട് പൊലീസില്‍ അറിയിച്ചത്. പൊലീസും അഗ്നിശമന സേനാംഗങ്ങളും പുഴയില്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ കണ്ടത്തെി. ഡ്രൈവറെ കണ്ടത്തൊനായില്ല. ലോറി പുഴയിലേക്ക് മറിഞ്ഞയുടന്‍ ഡ്രൈവര്‍ വെള്ളത്തിലേക്ക് ചാടിയതാണോ എന്നു പൊലീസ് സംശയിക്കുന്നു. ചിറ്റിശേരിയിലെ സിമന്‍റ് കട്ട നിര്‍മാണ കമ്പനിയിലെ ടിപ്പറാണ് അപകടത്തില്‍പെട്ടത്. പാറപ്പൊടി കൊണ്ടുവരാന്‍ പുലര്‍ച്ചെ നാലോടെയാണ് വിനു ലോറിയുമായി വെള്ളിക്കുളങ്ങരയിലേക്ക് പോയതെന്ന് ലോറി ഉടമ പൊലീസിനോട് പറഞ്ഞു. പാലത്തിന്‍െറ ഫുട്പാത്തിന് ഉയരം കുറഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. പാലത്തിന്‍െറ ചാലക്കുടി ഭാഗത്തേക്കുള്ള കൈവരിയാണ് തകര്‍ന്നത്. ഈ ദിശയിലെ പാലത്തില്‍ മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.