ഗുരുവായൂര്‍: നെന്മിനി കുടിവെള്ളപദ്ധതി ഉദ്ഘാടനത്തിനിടെ നേരിയ സംഘര്‍ഷം. വാര്‍ഡ് കൗണ്‍സിലറുമായി കൂടിയാലോചിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനം നടത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഞായറാഴ്ച രാവിലെ 10ന് കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേന്ദ്രനുമായി ആലോചിക്കാതെ ഉദ്ഘാടനം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫും പ്രഖ്യാപിച്ചു. മിച്ചഭൂമി കോളനിയിലെ അങ്കണവാടി വളപ്പിലാണ് പദ്ധതിയുടെ മോട്ടോര്‍ ഉള്ളത്. രാവിലെ ഒമ്പതിന് സമാന്തര ഉദ്ഘാടനത്തിനായി എത്തിയ യു.ഡി.എഫ് കൗണ്‍സിലര്‍മാരെയും നേതാക്കളെയും പൊലീസ് തടഞ്ഞു. വനിതാ പൊലീസില്ലാതെ വനിത കൗണ്‍സിലര്‍മാരെ അങ്കണവാടി ഗേറ്റില്‍ പൊലീസ് തള്ളി മാറ്റാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. സി.ഐക്കു നേരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തി. ഇതോടെ പൊലീസ് കുടുങ്ങി. ഉദ്ഘാടകയും വാര്‍ഡ് കൗണ്‍സിലറും അകത്തു കടന്നു. ഇതിനെതിരെ പ്രദേശത്തെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്തു വന്നതോടെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. ഇതിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ടാപ്പ് തുറന്ന് പദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്‍റ് ഒ.കെ.ആര്‍. മണികണ്ഠന്‍, കെ.പി.എ. റഷീദ്, കെ.പി. ഉദയന്‍, പി.കെ. രാജേഷ് ബാബു, പോളി ഫ്രാന്‍സിസ്, നിഖില്‍ ജി. കൃഷ്ണന്‍, എ.പി. ജവഹര്‍, വി.എ. സുബൈര്‍, പി.എസ്. രാജന്‍ എന്നിവര്‍ സംസാരിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് നഗരസഭയുടെ നേതൃത്വത്തില്‍ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ടാപ്പില്‍ നിന്നു ഒരു കുടം വെള്ളം നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിക്ക് നല്‍കിയായിരുന്നു ഉദ്ഘാടനം.ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എം. രതി, മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, കൗണ്‍സിലര്‍മാരായ ടി.എസ്. ഷെനില്‍, ഹബീബ് നാറാണത്ത്, അഭിലാഷ് വി. ചന്ദ്രന്‍, ഷാഹിന സുബൈര്‍, ടി.എസ്. സ്വരാജ്, സവിത സുനില്‍, രതി ജനാര്‍ദനന്‍, പ്രസീത മുരളീധരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെ.പി.എ. റഷീദ് കൗണ്‍സിലറായിരിക്കുമ്പോഴാണ് എട്ടുലക്ഷം രൂപ ചെലവില്‍ 70 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതി നഗരസഭ 23ാം വാര്‍ഡില്‍ തുടങ്ങിയത്. പെരുമാറ്റച്ചട്ടവും മറ്റു സാങ്കേതിക തടസ്സങ്ങളും മൂലം ഉദ്ഘാടനം വൈകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.