ഒല്ലൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മരത്താക്കര പുഴമ്പള്ളം കുന്നമ്പത്ത് വീട്ടില്‍ ജൂട്ട് എന്നുവിളിക്കുന്ന വിജിത്തിനെയാണ് (31) ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2005 മുതല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2016 ഫെബ്രുവരിയില്‍ ഒല്ലൂര്‍ എടക്കുന്നി അമ്പലത്തിലെ ഉത്സവത്തിനിടെ തെയ്യം കലാകാരന്മാരെ ഭീഷണിപ്പെടുത്തുകയും ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതാണ് ഇയാളുടെ അവസാന കേസ്. 2009ല്‍ പീച്ചി സ്റ്റേഷന്‍ പരിധിയിലെ കല്ലിടുക്കില്‍ പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി വാനിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതും 30,62,000 രൂപയും 1,32,000 രൂപയുടെ സമ്മാനം ലഭിച്ച ലോട്ടറി അടങ്ങിയ ബാഗും കവര്‍ച്ച ചെയ്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. 2010ല്‍ പ്രവര്‍ത്തനസമയം കഴിഞ്ഞ സമയത്ത് ബാര്‍ ഹോട്ടലില്‍ കയറി മദ്യം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങളുണ്ടാക്കിയ കേസ്, 2011ല്‍ ഗുണ്ടാത്തലവന്‍ സന്ദീപിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, 2011ല്‍ കുട്ടനെല്ലൂര്‍ ബൈപാസ് റോഡില്‍ വാളുകള്‍, മുളകുപൊടി എന്നിവ കൈവശംവെച്ചതിനും കേസുണ്ട്. രണ്ടുതവണ കാപ്പ പ്രകാരം ആറുമാസം വീതം തടവും അനുഭവിച്ചിട്ടുണ്ട്. ഒല്ലൂര്‍ സി.ഐ വി.കെ. രാജുവിന്‍െറ നിര്‍ദേശാനുസരണം എസ്.ഐ പ്രശാന്ത് ക്ളിന്‍റ്, സി.പി.ഒമാരായ ഗിരീഷ്, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞനംപാറ കോനിക്കരയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.