ആദ്യം പിന്തുണച്ച ഇടതുപക്ഷം മലക്കംമറിഞ്ഞു

തൃശൂര്‍: നടത്തറയിലെ അനധികൃത പാറമടകള്‍ പൂട്ടാന്‍ ആരംഭത്തില്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ഇടതുപക്ഷം മലക്കംമറിഞ്ഞു. പാറമടകളും ക്രഷറുകളും തുറന്നുപ്രവര്‍ത്തിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള ഗ്രാമസഭായോഗ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതി നടത്തുന്ന രാപകല്‍ അനിശ്ചിതകാല സമരം പത്തുദിവസം പിന്നിടുമ്പോഴും ഇടതുപക്ഷം പിന്തുണക്കാത്തത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിരപ്പിള്ളി ഉള്‍പ്പെടെ വിഷയങ്ങളില്‍ കടുത്ത നിലപാടെടുത്ത സി.പി.ഐ തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ പാറമട വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജില്ലയിലെ മന്ത്രിയും ജില്ലക്കുപുറത്തെ മറ്റൊരു മന്ത്രിയും ക്വാറികള്‍ തുറക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പാറമടകള്‍ക്കും ക്രഷറുകള്‍ക്കുമെതിരെ കഴിഞ്ഞ മാര്‍ച്ച് 20ന് നടന്ന സമരപ്രഖ്യാപന സംഗമത്തില്‍ സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന രാജാജി മാത്യു തോമസ് ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. സി.പി.എമ്മിന്‍െറ നേതൃത്വത്തിലുള്ള നടത്തറ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്‍റ് പി.ആര്‍. രജിത്തായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. 23 ദിവസം പഞ്ചായത്തുപടിക്കല്‍ നീണ്ടുനിന്ന സമരത്തിന്‍െറ ഭാഗമായാണ് പാറമടകള്‍ പൂട്ടാനുള്ള താല്‍ക്കാലിക ഉത്തരവ് മുളയം വില്ളേജ് ഓഫിസര്‍ നല്‍കിയത്. ഇതേ പഞ്ചായത്ത് പ്രസിഡന്‍റ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കഴിഞ്ഞ ദിവസം പാറമടകള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതില്‍ വിരോധമില്ളെന്ന റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കി മലക്കം മറിഞ്ഞത്. പാറമട വിഷയം സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.ഐയും സി.പി.എമ്മും രണ്ടുതട്ടിലായിരുന്നു. പിന്നീട് സി.പി.ഐ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഈ വിഷയം പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷമാണ് ഈ വിഷയത്തില്‍ സി.പി.ഐയും പിന്നോട്ടുപോയത്. കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫില്‍നിന്ന് ആരും എത്തിയിട്ടില്ല. സി.പി.ഐയുടെ മന്ത്രി സുനില്‍ കുമാറിനെയും സ്ഥലം എം.എല്‍.എ കെ. രാജനെയും നിരവധിതവണ സമരസമിതി പരാതിയുമായി സമീപിച്ചെങ്കിലും ഇതുവരെ പ്രസ്താവനപോലും ഇറക്കിയില്ല. ഗ്രാമസഭായോഗ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് കലക്ടര്‍ പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചപ്പോള്‍ നിയമവിധേന നടത്തുന്നതില്‍ തടസ്സമില്ളെന്നാണ് യോഗം ഐകകണ്ഠ്യേന അറിയിച്ചത്. രണ്ടുദിവസത്തിനകം തീരുമാനമെടുക്കാമെന്ന് കലക്ടര്‍ അറിയിച്ചെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കലക്ടറെ ചേംബറില്‍ ഉപരോധിച്ചിരുന്നു. പാറമടകള്‍ വനഭൂമിയില്‍ അല്ളെന്ന റിപ്പോര്‍ട്ട് നല്‍കിയ സര്‍വേ സൂപ്രണ്ടിനെ വീണ്ടും സ്ഥലം അളക്കാന്‍ ഏല്‍പിച്ചതിലും ദുരൂഹതയുണ്ടെന്ന് മലയോര സംരക്ഷണ സമിതി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.