ഫാഷന്‍ ഡിസൈനിങ്ങ് : പ്രായത്തെ വെല്ലുന്ന സിദ്ധിയുമായി അപക്ഷ

തൃശൂര്‍: പ്രായം 11 ആകുന്നതേയുള്ളൂ, പക്ഷെ ഫാഷന്‍ ഡിസൈനിങ് രംഗത്ത് മലയാളിയായ അപക്ഷ ബിനോജിന്‍െറ പേര് പ്രായത്തെ മറികടന്ന് വളരുകയാണ്. ഈ മേഖലയിലെ വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഈ ബാലിക മലയാളികളുടെ അഭിമാനമാവുന്നു. ഇക്കാലത്തിനിടക്ക് ഫാഷന്‍ രംഗവുമായി ബന്ധപ്പെട്ട രണ്ട് റെക്കോഡും പുരസ്കാരങ്ങളും ഈ കൊച്ചുമിടുക്കിയെ തേടിയത്തെി. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശികളായ ബിനോജ്-പ്രസീന ദമ്പതികളുടെ മകളായി തമിഴ്നാട്ടിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് ദുബൈയിലാണ്. കുഞ്ഞുപ്രായത്തിലേ തന്‍െറ ഉടുപ്പുകളുടെ കാര്യത്തില്‍ അപക്ഷക്ക് ചില വാശികളുണ്ടായിരുന്നു. താന്‍ ധരിക്കേണ്ട വസ്ത്രങ്ങളുടെ സ്റ്റൈലും നിറവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവള്‍ ചില നിബന്ധനകള്‍ വെച്ചു. അത് രക്ഷിതാക്കളും ശ്രദ്ധിച്ചു. ദുബൈയിലെ സ്ഥാപനങ്ങളില്‍ മാനേജരും ചീഫ് അക്കൗണ്ടന്‍റുമായി ജോലി നോക്കുന്ന മാതാപിതാക്കള്‍ക്ക് മകളുടെ ഈ വേറിട്ട താല്‍പര്യം പ്രോത്സാഹിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ മറ്റൊരു വഴിയിലേക്ക് നീങ്ങിയത്. ഏഴ് വയസ്സെത്തിയതോടെ അപക്ഷയുടെ കഴിവുകള്‍ പുറത്ത് വന്നു തുടങ്ങി. തനിക്കുള്ള വസ്ത്രങ്ങള്‍ ഈ രീതിയില്‍ മതിയെന്ന് അവള്‍ പറഞ്ഞു. സ്വയം ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയതോടെ മാതാപിതാക്കളും ബന്ധുക്കളും അദ്്ഭുതപ്പെട്ടു. ആദ്യമാദ്യം തന്‍െറയും ചില അടുത്ത ബന്ധുക്കളുടെയും വസ്ത്രം ഡിസൈന്‍ ചെയ്തു. 2013ല്‍ ഇംഗ്ളണ്ടിലെ ബേബി ഷോപ് ബ്രാന്‍ഡ് നടത്തിയ ഡ്രസ് ഡിസൈനിങ് മത്സരത്തില്‍ പങ്കെടുത്തു. ദുബൈയിലെ മിര്‍ന-എല്‍- ഹേജ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാന്‍ യോഗ്യത പ്ളസ്ടുവാണെങ്കിലും അപക്ഷയുടെ കഴിവ് പരിഗണിച്ച് പ്രവേശം കിട്ടി. ഫസ്റ്റ് ലെവല്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കയതോടെ ഈ വര്‍ഷത്തെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. എന്താണ് ഇങ്ങനെയൊരു താല്‍പര്യം എന്ന ചോദ്യത്തിന് കുട്ടിയാവുമ്പോഴേ ഡിസൈനിങ് ഇഷ്ടമാണ്’ എന്ന ഗൗരവം നിറഞ്ഞ ഉത്തരം. കേരളത്തനിമയുള്ള പട്ടുപാവാടയും ബ്ളൗസും തുടങ്ങി വൈവിധ്യമാര്‍ന്ന ഫ്രോക്കുകള്‍ വരെ ഡിസൈന്‍ ചെയ്തിട്ടുണ്ട്. 105 വ്യത്യസ്ത ഡിസൈനുകളാണ് ഇതിനകം ചെയ്തത്. യു.ആര്‍.എഫ് റെക്കോഡ്സ്, വേള്‍ഡ് റെക്കോഡ്സ് ഓഫ് ഇന്ത്യ എന്നീ പുരസ്കാരങ്ങള്‍ നേടി. ഇന്ത്യന്‍ എക്സലന്‍സ് സ്കൂളില്‍ ആറാം തരം വിദ്യാര്‍ഥിനിയായ അപക്ഷ പഠനത്തിലും മിടുക്കിയാണ്. തന്‍െറ ഡിസൈനുകള്‍ ഉള്‍പ്പെടുത്തി ‘അപെക് ഫാഷന്‍ ഷോ 2016’ എന്ന പേരില്‍ ഒക്ടോബറില്‍ ദുബൈയില്‍ ഷോ നടത്താനുള്ള ഒരുക്കത്തിലാണ്. അതിനുള്ള വെബ്സൈറ്റിന് രൂപം നല്‍കിയിട്ടുണ്ട്. പുരസ്കാരങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഇന്ത്യയിലത്തെിയ അപക്ഷ കഴിഞ്ഞ ദിവസം തൃശൂരിലുമത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.