നാവിലൂറിയ മധുരത്തിന് നന്മവെളിച്ചം സമ്മാനം

ഗുരുവായൂര്‍: പൂരപ്പറമ്പിലും പള്ളിപ്പെരുന്നാളിനും ചുവന്ന മിഠായി വില്‍ക്കാനത്തെുന്ന കുഞ്ഞിമുഹമ്മദിന് ഇനി രാത്രി വില്‍പനക്ക് മണ്ണെണ്ണ വിളക്ക് വേണ്ട. തങ്ങള്‍ക്ക് ‘ചുണ്ടു ചോപ്പിക്കുന്ന മുട്ടായി’ തരുന്ന ഇക്കാക്ക് കുട്ടികള്‍ ഒത്തുചേര്‍ന്ന് സൗരോര്‍ജ റാന്തല്‍ വിളക്ക് സമ്മാനിച്ചു. 65 കൊല്ലമായി ഉത്സവപ്പറമ്പുകളില്‍ മിഠായി വില്‍പനക്കത്തെുന്ന 81കാരനായ മറ്റം പണിക്കവീട്ടില്‍ കുഞ്ഞിമുഹമ്മദിനാണ് കൂനമൂച്ചി ശ്രേയസ്സ് കൂട്ടായ്മയിലെ കുട്ടികള്‍ സൗരോര്‍ജ റാന്തല്‍ സമ്മാനിച്ചത്. ഈ പ്രായത്തിലും സൈക്കിള്‍ ചവിട്ടി എല്ലാ ഉത്സവങ്ങള്‍ക്കും മിഠായി വില്‍പനക്കത്തെുന്ന കുഞ്ഞിമുഹമ്മദിന് രാത്രിയിലെ കച്ചവടത്തിന് തുണ മണ്ണെണ്ണ വിളക്കായിരുന്നു. പ്രായമേറിയതോടെ മണ്ണെണ്ണ വിളക്കിന്‍െറ വെളിച്ചത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് ഇദ്ദേഹം കച്ചവടം നടത്തിയിരുന്നത്. പ്രിയപ്പെട്ട മിഠായിക്കാരന്‍െറ കഷ്ടപ്പാടുകണ്ടാണ് അദ്ദേഹത്തിന് സൗരോര്‍ജ റാന്തല്‍ സമ്മാനിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്. പെരുന്നാളിന് കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്ന് സമാഹരിച്ചാണ് റാന്തലിനുള്ള പണം കണ്ടത്തെിയത്. വെള്ളിയാഴ്ച രാത്രി കൂനമൂച്ചി തിരുനാളിനോടനുബന്ധിച്ചുള്ള നാടകത്തിന് മിഠായി വില്‍പനക്കത്തെിയ കുഞ്ഞിമുഹമ്മദിന് കുട്ടികള്‍ ചേര്‍ന്ന് റാന്തല്‍ സമ്മാനിച്ചു. കോഓഡിനേറ്റര്‍ പി.ജെ. സ്റ്റൈജുവിന്‍െറ നേതൃത്വത്തില്‍ ശില്‍പ ഡേവിസ്, അനന്യ, എല്‍ന, പ്ളെറിന്‍, ജോള്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് റാന്തല്‍ സമ്മാനിച്ചത്. ആറര പതിറ്റാണ്ടായുള്ള തന്‍െറ ഉത്സവ പറമ്പിലെ കച്ചവടത്തിനിടക്ക് ഇത്തരം അനുഭവം ആദ്യമായാണെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു. കുട്ടികള്‍ക്കെല്ലാം സമ്മാനമായി ചുവന്ന മിഠായിയും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.