മുണ്ടൂര്‍ പുറ്റേക്കര റോഡ് വികസിപ്പിക്കണം –വികസന സമിതി

തൃശൂര്‍: തൃശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള ഭാഗം വീതി കൂട്ടി നവീകരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനപാതയില്‍ പുഴക്കല്‍ മുതല്‍ മൂണ്ടൂര്‍ വരെയും പൂറ്റേക്കര മുതല്‍ കൈപ്പറമ്പ് വരെയുമുള്ള ഭാഗം നവീകരിച്ച് നാലുവരി പാതയാക്കിയതാണ്. എന്നാല്‍, ഇടയിലുള്ള മുണ്ടൂര്‍ -പുറ്റേക്കര ഭാഗം വീതി കുറഞ്ഞതിനാല്‍ ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. റോഡ് വികസനത്തിനാവശ്യമായ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍െറ പ്രതിനിധി സി.വി. കുര്യാക്കോസ് പ്രമേയം അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കെ. അജിത് കുമാര്‍ പ്രമേയത്തെ പിന്താങ്ങി. ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ പടവരാട് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.പി. വിന്‍സന്‍റ് എം.എല്‍.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഏകദേശം 400 കുടുംബങ്ങളും ബധിര-മൂക വിദ്യാലയവും പള്ളിയും ഹോസ്റ്റലുമെല്ലാം സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് ടവര്‍ മാറ്റാന്‍ നടപടി വേണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. കെ. അജിത്കുമാര്‍ പിന്താങ്ങി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക് അനുവദിച്ച പദ്ധതി തുക പിന്‍വലിക്കുന്നതിന് ട്രഷറിയില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് കെ. അജിത്കുമാര്‍ ഉന്നയിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ ഫൈനാന്‍സ് ഓഫിസറെ കലക്ടര്‍ വി. രതീശന്‍ ചുമതലപ്പെടുത്തി. കുന്നംകുളം-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ അമിത വേഗത്തില്‍ പായുന്നതും സ്റ്റോപ്പുകളില്‍ നിര്‍ത്താത്തതും സംബന്ധിച്ച പ്രശ്നത്തില്‍ പരിശോധന ശക്തമാക്കാനും കര്‍ശന നടപടിയെടുക്കാനും കലക്ടര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പ്ളാനിങ് ഓഫിസര്‍ യു. ഗീത വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.