തൃശൂര്‍: ഏഴ് ദിവസങ്ങളിലായി അരങ്ങേറിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച സമാപിക്കും. വിദേശ-ഇന്ത്യന്‍ സിനിമകളെ കൂടാതെ സമാന്തര സിനിമകളും മേളയുടെ ഭാഗമായി. കാന്‍ ഉള്‍പ്പടെയുള്ള വിദേശ ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നിരവധി ചിത്രങ്ങള്‍ ഇത്തവണത്തെ തൃശൂരില്‍ പ്രദര്‍ശിപ്പിച്ചു. ഗോവന്‍, തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രങ്ങളും മേളയുടെ ഭാഗമായി. 60ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ജില്ലയിലെ 12 ഇടത്ത് ചലച്ചിത്രങ്ങള്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, കേരള ചലച്ചിത്ര അക്കാദമി, ന്യൂഡല്‍ഹി ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. മേളയുടെ അവസാന ദിവസമായ വ്യാഴാഴ്ച മൂന്ന് ഇന്ത്യന്‍ സിനിമകളുള്‍പ്പെടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. താവിയാനി സഹോദരന്മാരുടെ ഇറ്റാലിയന്‍ സിനിമ ‘വണ്‍ഡ്രസ് ബൊക്കാഷിയോ’, അബ്ദുല്‍ ലത്തീഫ് കൊച്ചീച്ചയുടെ ഫ്രഞ്ച് സിനിമയായ ‘ബ്ളൂ ഈസ് ദി വാമസ്റ്റ് കളര്‍’ എന്നിവയാണ് വിദേശ സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സുമന്‍ ഘോഷിന്‍െറ ബംഗാളി സിനിമ ‘കാദംബിരി’, ഗജേന്ദ്ര ആഹിരയുടെ മറാത്തി സിനിമ ‘ദി സൈലന്‍സ്’, ഡോ. ബിജുവിന്‍െറ ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്നിവയും പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.