വരുന്നു... ജൈവകര്‍ഷകമേള

കൊടുങ്ങല്ലൂര്‍: കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കുമായി മേള ഒരുങ്ങുന്നു. കൃഷിവകുപ്പ് സംസ്ഥാന ജൈവകാര്‍ഷിക മേള ‘ഉര്‍വരം’ കയ്പമംഗലം എസ്.എന്‍ പുരം പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കും. 29, 30, 31 തീയതികളിലായാണ് മേള നടക്കുക. ആത്മ, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കുന്നതിന്‍െറ ഭാഗമായാണ് മേള. ‘എല്ലാവരും ജൈവ കര്‍ഷകരാവുക, എല്ലായിടവും ജൈവകൃഷിയിടമാക്കുക’ എന്നതാണ് മേളയുടെ മുദ്രാവാക്യം. 29ന് വൈകീട്ട് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് പഞ്ചായത്തിലെ കര്‍ഷകര്‍ പങ്കെടുക്കുന്ന കാര്‍ഷിക, സാംസ്കാരിക കലാ ഘോഷയാത്രയോടെയാണ് ഉദ്ഘാടന സമ്മേളനം നടക്കുക. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ കീഴിലുള്ളതും സ്വകാര്യ കര്‍ഷക സംരംഭകരുടെയും പ്രാദേശിക ജൈവ കൃഷിക്കാരുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും അടക്കം നൂറില്‍പരം സ്റ്റാളുകള്‍ കാര്‍ഷിക പ്രദര്‍ശനത്തിനുണ്ടാകും. മേളയോടനുബന്ധിച്ച് കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക മത്സരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കൃഷി ശാസ്ത്രജ്ഞര്‍, മറ്റ് വിദഗ്ധര്‍, പ്രമുഖ കര്‍ഷകര്‍ എന്നിവര്‍ മേളയുടെ വിവിധ ദിവസങ്ങളിലെ പരിപാടികളില്‍ പങ്കാളികളാകും. വിവിധ മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ നല്‍കും. മേളയില്‍ പുതിയ വിത്തിനങ്ങളും ഉല്‍പന്നങ്ങളും പരിചയപ്പെടുത്തും. 20 രൂപയുടെ പ്രവേശ പാസിനൊപ്പം വിത്ത് പാക്കറ്റും നല്‍കും. ജൈവൃഷിരീതിയിലേക്ക് കര്‍ഷകരെ പൂര്‍ണമായി എത്തിക്കുന്നതിനും ജൈവ പച്ചക്കറിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും കരനെല്‍കൃഷി വ്യാപകമാക്കുന്നതിനും നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പന്ന -ഉപോല്‍പന്നങ്ങളുടെ സാധ്യത പ്രാവര്‍ത്തികമാക്കുന്നതിനുമാണ് മേള. വാര്‍ത്താസമ്മേളനത്തില്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.സി. ശ്രീലത, ആത്മ പ്രോജക്ട് ഓഫിസര്‍ വി.എസ്. റോയ്, ജില്ലാ പഞ്ചായത്തംഗം കെ.എ. നൗഷാദ്, ഉദ്യോഗസ്ഥരായ ഗോപിദാസ്, മുഹമ്മദ് ഇസ്മായില്‍, സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.