നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

ഇരിങ്ങാലക്കുട: നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിന് ഞായറാഴ്ച രാത്രി തീപിടിച്ചു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവടങ്ങളില്‍ നിന്ന് എത്തിയ ഒമ്പത് ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ചാണ് തീയണച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ നിയന്ത്രണത്തിലായത്. മാലിന്യക്കൂമ്പാരം പൂര്‍ണമായി കത്തിയമര്‍ന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതോടെ പ്രദേശത്ത് കറുത്ത പുക വ്യാപിച്ചു. പരിസര വാസികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. സംഭവത്തിന്‍െറ ഗൗരവത്തെക്കുറിച്ച് നഗരസഭയെ അറിയിച്ചിട്ടും അധ്യക്ഷയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ഉദ്യോഗസ്ഥരും തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സ്ഥലത്തത്തെിയത്. ഇതില്‍ നാട്ടുകാര്‍ ക്ഷുഭിതരായി. നഗരസഭയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അധ്യക്ഷ നിമ്യ ഷിജുവിനെയും, സ്ഥിരംസമിതി അധ്യക്ഷന്‍ പി.എ. അബ്ദുല്‍ ബഷീറിനെയും മറ്റ് കൗണ്‍സിലര്‍മാരെയും തടഞ്ഞുവെച്ചു. എന്നാല്‍, സംഭവം അറിഞ്ഞ് വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം.ആര്‍. ഷാജു മുഴുവന്‍ സമയവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. നിലവിലെ മാലിന്യം സംസ്കരിച്ച ശേഷമേ ഇനി മാലിന്യം എത്തിക്കാവൂവെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ ഗേറ്റ് അടച്ചാണ് നഗരസഭ അധ്യക്ഷയെ തടഞ്ഞത്. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജുവും ആരോഗ്യ സ്ഥിരം സമിതിക്കെതിരെ പ്രതിഷേധിച്ചു. പ്രശ്ന പരിഹാരത്തിന് അടിയന്തര തീരുമാനം ഉണ്ടാക്കുമെന്ന് അധ്യക്ഷ നിമ്യ ഷിജു നാട്ടുകാര്‍ക്ക് ഉറപ്പുകൊടുത്തു. ഇതിനായി അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുമെന്നും അവര്‍ പറഞ്ഞു. മാലിന്യക്കൂമ്പാരങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്തതും ഇന്‍സിനിനേറ്റര്‍ ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതുമാണ് തീപിടിത്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പ്ളാസ്റ്റിക്കിന് തീപിടിച്ചതില്‍ വിഷപ്പുകയേറ്റ് നൂറോളം കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.