തൃശൂര്‍: ധനലക്ഷ്മി ബാങ്കിലെ സീനിയര്‍ മാനേജരും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റുമായ പി.വി. മോഹനനെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതി നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. 13ന് വൈകീട്ട് അഞ്ചിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലാണ് ചര്‍ച്ച. ബാങ്ക് മാനേജ്മെന്‍റിന്‍െറയും സംഘടനയുടെയും പ്രതിനിധികളും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുക്കും. സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സമരകാരണങ്ങള്‍ വിശദീകരിച്ച് കത്ത് നല്‍കിയ ശേഷമാണ് സമര സഹായ സമിതി പ്രക്ഷോഭം തുടങ്ങിയത്. 38 വര്‍ഷത്തിലധികം സര്‍വീസുള്ള മോഹനന്‍ അടുത്ത മാര്‍ച്ച് 31ന് വിരമിക്കേണ്ടതാണ്. കഴിഞ്ഞ ജൂണില്‍ ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ നടത്തിയ 33 ദിവസത്തെ പണിമുടക്ക് സമരം അവസാനിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണകളെല്ലാം ബാങ്ക് മാനേജ്മെന്‍റ് കാറ്റില്‍ പറത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. പിരിച്ചുവിടല്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരനായി രേഖയില്‍ തുടരുന്നുണ്ടെങ്കിലും മോഹനന് ആറു മാസത്തിലധികമായി ശമ്പളമില്ല. മാനേജ്മെന്‍റ് ഒരു വട്ടം പോലും ചര്‍ച്ചക്ക് തയാറായിട്ടുമില്ല. സമര സഹായ സമിതിയുടെ പ്രക്ഷോഭത്തിന് 35 ട്രേഡ് യൂനിയന്‍ സംഘടനകളുടെ പിന്തുണയുണ്ട്. ആറാം ദിവസമായ ബുധനാഴ്ച എന്‍.ജി.ഒ യൂനിയന്‍ സമരം നയിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.സി. രാമകൃഷ്ണന്‍, തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍, ഒ. രവീന്ദ്രന്‍, മോഹന, മുരളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.