ബാറില്ളെങ്കിലെന്താ...‘കിറുങ്ങാന്‍’ വഴികളെത്ര..!

തൃശൂര്‍: ബാര്‍ അടച്ചുപൂട്ടിയെങ്കിലും ലഹരി ഉപയോഗത്തില്‍ ഒട്ടും പിന്നാക്കം പോയിട്ടില്ളെന്ന് വ്യക്തമാക്കി എക്സൈസ് വകുപ്പിന്‍െറ കണക്ക്. കഞ്ചാവ്, വ്യാജമദ്യം, നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ എന്നിവ പിടികൂടുന്നത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലാണെന്നും പിടികൂടിയതിന്‍െറ ഇരട്ടിയിലധികം കൈവിട്ട് പോയിട്ടുണ്ടാവാമെന്നും എക്സൈസ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015 ല്‍ ജില്ലയില്‍ നിന്ന് 75 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതില്‍ 126 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പിടികൂടാനാവാതെ വില്‍പന നടത്തിയിട്ടുണ്ടാവുക ഇതിലും എത്രയോ മടങ്ങ് അധികമായിരിക്കും. ബാര്‍ അടച്ചു പൂട്ടിയതോടെ കഞ്ചാവ്, നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ എന്നിവക്ക് ആവശ്യക്കാരേറിയിട്ടുണ്ടത്രേ. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലും അവരുടെ സങ്കേതങ്ങളിലും വില്‍പന സജീവമാണ്. വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവ് പോലുള്ള ലഹരികള്‍ക്ക് സ്വീകാര്യത വര്‍ധിക്കുകയാണെന്ന് എക്സൈസ് പറയുന്നു. ഒഡിഷ, ആന്ധ്ര, ഛത്തീസ്ഗഢ്,തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് തീവണ്ടി മാര്‍ഗത്തില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്ന് തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എന്‍.എസ്. സലിംകുമാര്‍ പറയുന്നു. തമിഴ്നാട്ടില്‍ തേനി, കമ്പം പഴനിക്കടുത്തുള്ള സിങ്കനെല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ട്. അതിര്‍ത്തികളില്‍ ഇതിനുള്ള ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നു. 2015ല്‍ ജില്ലയില്‍ നിന്നും നിരോധിത പാന്‍ ഉല്‍പന്നങ്ങളുടെ രണ്ട് ലക്ഷത്തോളം പാക്കറ്റാണ് എക്സൈസ് പിടികൂടിയത്. സ്കൂള്‍ പരിസരത്ത് വില്‍പന നടത്തിയ അഞ്ചുലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളും പിടികൂടിയവയിലുണ്ട്. 2200 ബോട്ടില്‍ വിദേശമദ്യം പിടികൂടിയതില്‍ 1180 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബാര്‍ അടച്ചുപൂട്ടല്‍ സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പിനത്തെുടര്‍ന്ന് വര്‍ഷത്തിന്‍െറ അവസാന നാളുകളില്‍ നടത്തിയ പരിശോധനയില്‍ മലയോര-നദീതീരത്ത് 15,617 ലിറ്റര്‍ വാഷ് കണ്ടെടുത്തു. 4788 ലിറ്റര്‍ കള്ളും പിടിച്ചെടുത്തു. അനധികൃതമായി വില്‍പന നടത്തിയിരുന്ന 398 കുപ്പി ബിയര്‍, 9546 കുപ്പി വൈന്‍, 728 ബോട്ടില്‍ അരിഷ്ടം എന്നിവയും പിടിച്ചെടുത്തു. ജില്ലയില്‍ 2015ല്‍ എക്സൈസ് 11,449 പരിശോധനയും 69,475 വാഹന പരിശോധനയും നടത്തി. 68 വാഹനങ്ങള്‍ക്കെതിരെ അബ്കാരി കേസും ചുമത്തി. യുവജന ക്ളബ്, വായനശാല, സ്കൂള്‍ കോളജ്, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ 450 ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചതിന് 5,50485 രൂപയാണ് ചെലവിട്ടത്. ബോധവത്കരണ പരിപാടിയില്‍ 54,000 പേര്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പറയുന്നത്. ജില്ലയിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരി കിഴുപ്പിള്ളിക്കര സ്വദേശിനി ഷീബയെ പിടികൂടിയതും കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ വിദ്യാര്‍ഥിയെ പിടികൂടിയതും നേട്ടമാണെന്നും എക്സൈസ് വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.