ജില്ലാ സ്കൂള്‍ കലോത്സവം ചൊവ്വാഴ്ച മുതല്‍

തൃശൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഈമാസം അഞ്ച് മുതല്‍ എട്ട് വരെ നഗരത്തിലെ 14 വേദികളിലായി നടക്കും. സ്റ്റേജ്-സ്റ്റേജിതര ഇനങ്ങള്‍ ഒരുമിച്ച് തുടങ്ങും. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വിളംബര ഘോഷയാത്ര. 297 ഇനങ്ങളിലായി 7,500ഓളം കുട്ടികള്‍ മത്സരിക്കും. വിധികര്‍ത്താക്കളെ പ്രോഗ്രാം കമ്മിറ്റി തെരഞ്ഞെടുക്കുന്ന പതിവ് രീതിക്കു പകരം ഇത്തവണ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാകും നിയമിക്കുക. അപ്പീലുകള്‍ പരമാവധി കുറക്കാനും നടപടിയുണ്ട്. തൃശൂര്‍ ടൗണ്‍ഹാളാണ് പ്രധാന വേദി. ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്, വിവേകോദയം ബോയ്സ് എല്‍.പി, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്, സി.എം.എസ്, ഹോളി ഫാമിലി എച്ച്.എസ്.എസ്, സെന്‍റ് ക്ളയേഴ്സ് എച്ച്.എസ്.എസ്, കാല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാള്‍, മുണ്ടശേരി ഹാള്‍, സ്കൗട്ട് ഭവന്‍ എന്നിവയാണ് മറ്റ് വേദികള്‍. അഞ്ചിന് രാവിലെ എട്ടിന് സി.എം.എസ് സ്കൂള്‍ പരിസരത്തുനിന്ന് വിളംബര ഘോഷയാത്ര പുറപ്പെടും. കോര്‍പറേഷന്‍ പരിധിയിലെ എല്ലാ സ്കൂളുകളില്‍നിന്നുമായി 5,000ഓളം കുട്ടികള്‍ അണിനിരക്കും. ബിനി, സ്വപ്ന തിയറ്റര്‍ വഴി പാലസ് റോഡില്‍ പ്രവേശിച്ച് ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. ജയന്തി പതാക ഉയര്‍ത്തും. സി.എന്‍. ജയദേവന്‍ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ വിശിഷ്ടാതിഥിയാകും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. സമാപന സമ്മേളനം എട്ടിന് വൈകീട്ട് നാലിന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ഓഫിസ് മോഡല്‍ ഗേള്‍സിലും ഭക്ഷണശാല മോഡല്‍ ബോയ്സിലുമാണ്. ബാബു നല്ലങ്കരയാണ് ഭക്ഷണം ഒരുക്കുന്നത്. ജില്ലാ ശുചിത്വ മിഷന്‍, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നിവയുമായി ചേര്‍ന്ന് ‘ഗ്രീന്‍ പ്രോട്ടോകോള്‍’ കര്‍ശനമായി നടപ്പാക്കും. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ സ്റ്റുഡന്‍റ് പൊലീസ്, സ്കൗട്ട്സ്, എന്‍.സി.സി എന്നിവയുടെ സേവനവുമുണ്ടാകും. സംഘാടകസമിതി ചെയര്‍മാന്‍ മേയര്‍ അജിത ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. ജയന്തി, പബ്ളിസിറ്റി ചെയര്‍മാന്‍ കൗണ്‍സിലര്‍ ജോസി ചാണ്ടി, കണ്‍വീനര്‍ ബെസി ചൂണ്ടല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.എം. ജയ്സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.