മച്ചാടിന്‍െറ താഴ്വരയില്‍ പൊയ്കുതിരകളുടെ ആര്‍പ്പുവിളി

വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് മാമാങ്കം കെങ്കേമമായി. മംഗലം, പാര്‍ളിക്കാട്, മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശങ്ങളില്‍ നിന്നുള്ള കുതിരക്കോലങ്ങളും ക്ഷേത്രം വക ഭഗവതിക്കുതിരയും കുംഭച്ചൂടിനെ ഗൗനിക്കാത്ത തട്ടകദേശക്കാരുടെ ചുമലിലേറി ഗ്രാമവീഥികളെ പുളകമണിയിച്ച് നെല്‍വയലുകളെ ചവിട്ടിമെതിച്ച് ഹര്‍ഷാരവത്തോടെ വന്നത് ദൃശ്യചാരുതയേകി. മച്ചാടിന്‍െറ മണ്ണില്‍ മാമാങ്ക ദേശങ്ങളുടെ പൊയ്ക്കുതിരകളുമായി തട്ടകത്തുകാര്‍ നൃത്തംചവിട്ടി. ആര്‍പ്പുവിളികളുടെ അകമ്പടിയോടെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം വലംചുറ്റിയിട്ടുള്ള കുതിരകളികളും തിറ, പൂതന്‍, ആണ്ടി, നായാടി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും കുംഭക്കുടം എഴുന്നള്ളിപ്പും വാദ്യമേള താളലഹരിയും സമന്വയിച്ചതോടെ മറ്റൊരു മാമാങ്കംകൂടി കണ്‍കുളിര്‍ക്കെ കണ്ട നിര്‍വൃതിയിലായി ആയിരങ്ങള്‍. അഞ്ചുദിവസത്തെ ഉത്സവത്തിന്‍െറ അവസാന നാളില്‍ കുതിരക്കോലങ്ങളുടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പില്‍ ആര്‍പ്പുവിളികളുമായി ആളായിരങ്ങള്‍ അണിനിരന്നു. കുതിരവേലയും ചെണ്ടമേളവും കൂടിച്ചേര്‍ന്ന മച്ചാട്ടുവേലയുടെ മാമാങ്കപ്പൊലിമ ആസ്വാദകക്കൂട്ടം ഏറ്റുവാങ്ങി. ഉത്സവപ്രേമികളുടെ മനസ്സിനെ തൊട്ടറിഞ്ഞുള്ള കുതിരവേല മാമാങ്കത്തിനു സ്വന്തം. തിരുവാണിക്കാവ് ഭഗവതിക്കുതിരകള്‍ക്കൊപ്പം പഞ്ചവാദ്യ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് നടന്ന ഹരിജന്‍ വേല, കുതിരക്കളി, വെടിക്കെട്ട് എന്നിങ്ങനെ മാമാങ്ക കാഴ്ചകള്‍ ഉത്സവപ്രേമികള്‍ക്ക് ഹരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.