നിറ്റാ ജലാറ്റിന്‍ മാലിന്യ ലോറിക്ക് കൊരട്ടിയില്‍ ചെരുപ്പ് മാലയണിയിച്ച് സ്വീകരണം

കൊരട്ടി: മേട്ടുപ്പാളയത്തുനിന്ന് തിരിച്ചയച്ച കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയിലെ മാലിന്യം നിറച്ച ലോറിക്ക് കൊരട്ടിയില്‍ പടക്കം പൊട്ടിച്ചും ചെരുപ്പ് മാലയണിയിച്ചും സ്വീകരണം. ഈ മാലിന്യം മേട്ടുപ്പാളയത്ത് തട്ടുന്നത് സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസ് അകമ്പടിയോടെ തിരിച്ചയക്കുകയാണുണ്ടായത്. ശനിയാഴ്ച രാത്രി 10 ഓടെയാണ് ലോറി കൊരട്ടിയില്‍ എത്തിയത്. പാലക്കാട്ട് മുതല്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷനോജിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ലോറിയെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു. മാലിന്യം കൊരട്ടിയിലത്തെുമ്പോള്‍ കൊരട്ടി എസ്.ഐ രാജേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. രാത്രി വൈകിയിട്ടും മാലിന്യവണ്ടി തിരിച്ചുവരുന്നതറിഞ്ഞ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ചാലക്കുടിയില്‍നിന്ന് സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം വേറെയുമത്തെി. മാലിന്യവണ്ടി എത്തിയതോടെ പടക്കം പൊട്ടിച്ചും കമ്പനിക്കെതിരെ മുദ്രാവാക്യം വിളിച്ചും സമരക്കാര്‍ എതിരേറ്റു. തുടര്‍ന്ന് സമരക്കാര്‍ നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ പന്തവുമേന്തി പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും നാലു കിലോമീറ്റര്‍ അകലെയുള്ള നിറ്റാ ജലാറ്റിന്‍ കമ്പനി പടിക്കല്‍ വണ്ടിയത്തെിച്ചു. കമ്പനിപ്പടിക്കല്‍ നടന്ന വിശദീകരണ യോഗത്തില്‍ കെ.എം. അനില്‍കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറി അജിത്, ചിറ്റൂര്‍ മണ്ഡലം സെക്രട്ടറി ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജെയ്സണ്‍ പാനികുളങ്ങര, ജയന്‍ പട്ടത്ത്, വി.കെ. മോഹനന്‍, പങ്കജാക്ഷന്‍, അയിഷാബി രമേശന്‍, സതീശ് മാളിയേക്കല്‍, സനൂപ് കൈപ്പുഴ, സുധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.