അപകടക്കെണിയൊരുക്കി പൂത്തോള്‍ റോഡ്

തൃശൂര്‍: ജീവന്‍ പണയം വെച്ചുവേണം റെയില്‍വേ സ്റ്റേഷന്‍-പൂത്തോള്‍ റോഡിലൂടെ യാത്ര ചെയ്യാന്‍. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം. ചിലപ്പോള്‍ വാഹനാപകടം, അല്ളെങ്കില്‍ മരം നിലംപൊത്തി, അതുമല്ളെങ്കില്‍ വാഹനം കുഴിയിലേക്ക് മറിഞ്ഞ്. ഞാണിന്‍മേല്‍ കളി പോലെയാണ് തൃശൂര്‍ റെയില്‍വേസ്റ്റേഷന്‍ -പൂത്തോള്‍ റോഡിലൂടെയുള്ള യാത്ര. ഏറെ തിരക്കുള്ള ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്. രണ്ട് ബസുകള്‍ ഇരുദിശകളിലൂടെ വന്നാല്‍ റോഡ് സ്തംഭിക്കുന്ന അവസ്ഥയാണ്. ഇവിടെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു നടപടിയും അധികൃതരില്‍ നിന്നുണ്ടാകുന്നില്ല. റെയില്‍വേസ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കോഴിക്കോട്, എം.ജി റോഡ് ഭാഗങ്ങളിലേക്ക് പോകുന്ന റോഡാണിത്. എന്നാല്‍ മരങ്ങളും ചുറ്റുവേലിയില്ലാത്ത റോഡും ചേര്‍ന്ന് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുകയാണ്. നിരവധി വന്‍മരങ്ങളാണ് ഈ റോഡിലുള്ളത്. ആ മരങ്ങളില്‍ മുഴുവന്‍ പക്ഷികളുടെ കൂടുകളാണ്. എപ്പോള്‍ വേണമെങ്കിലും ഇരുചക്രവാഹനയാത്രക്കാരുടെ ശരീരത്തിലേക്ക് പക്ഷികള്‍ കാഷ്ടിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസങ്ങളില്‍ ഭയാനകമായ വിധത്തില്‍ കാറ്റടിച്ചപ്പോള്‍ ഈ റോഡിന് സമീപം താമസിക്കുന്നവര്‍ നെഞ്ചിടിപ്പോടെയാണ് നിമിഷങ്ങള്‍ തള്ളിനീക്കിയത്. റോഡിന് സമീപം താഴ്ചയില്‍ നിരവധി വീടുകളാണുള്ളത്. മരങ്ങള്‍ കാറ്റില്‍ കടപുഴകിയാല്‍ വീടുകള്‍ തകര്‍ന്ന് ആളപായം ഉറപ്പാണ്. അത്തരത്തില്‍ ഭീഷണിയുയര്‍ത്തിയാണ് പല മരങ്ങളും നിലകൊള്ളുന്നതും. ഈ റോഡിന്‍െറ വശങ്ങളില്‍ കൈവരിയോ, വേലിയോ ഇല്ലാത്തതാണ് മറ്റൊരു അപകടകാരണം. രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പാഞ്ഞുവരുമ്പോള്‍ അപകടസാധ്യത ഏറെയാണ്. വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ കിട്ടിയില്ളെങ്കില്‍ അത് നേരേ ഈ വീടുകള്‍ക്ക് മുകളിലാകും പതിക്കുക. നടപ്പാതയില്ലാത്തത് കാല്‍നടക്കാരുടെ ജീവന് ഭീഷണിയാണ്. വാഹനങ്ങള്‍ക്കിടയിലൂടെ കാല്‍നട യാത്ര ചെയ്യുന്നവര്‍ ജീവന്‍പോലും പണയം വെച്ചാണ് ഈ റോഡിലൂടെ നീങ്ങുന്നത്. ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ വരുമ്പോള്‍ ഒന്നുനീങ്ങി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടുകയാണ് കാല്‍നടയാത്രക്കാര്‍. പാസ്പോര്‍ട്ട് ഓഫിസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ഈ റോഡിലാണ്. ഈ റോഡില്‍ മേല്‍പാലം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നിരവധി തവണയുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും യാഥാര്‍ഥ്യമായിട്ടില്ളെന്ന് മാത്രം. ഏറെ തിരക്കുള്ള റോഡില്‍ മതിയായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ളെങ്കില്‍ നിരവധി ജീവനുകള്‍ കൊഴിയാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സമീപവാസികളുടെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന മരങ്ങളുടെ കാര്യത്തിലും തീരുമാനമെടുത്തില്ളെങ്കില്‍ മരം വീണുള്ള അത്യാഹിതവും ഒഴിവാക്കാനാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.