തടയണ നിര്‍മാണം വൈകുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

മേലൂര്‍: ഒരുനാടിന്‍െറ മുഴുവന്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന നിര്‍മാണം അവതാളത്തില്‍. ചാലക്കുടിപ്പുഴയുടെ കുന്നപ്പിള്ളി ഭാഗത്തെ തടയണ നിര്‍മാണമാണ് അഞ്ച് വര്‍ഷമായി നീണ്ടുപോകുന്നത്. മേലൂര്‍ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡുകളില്‍ കര്‍ഷകരും സാധാരണക്കാരും ഇത്തവണ കടുത്ത ജലക്ഷാമം അനുഭവിക്കേണ്ടിവരും. അധികാരികളുടെ അനാസ്ഥമൂലമാണ് തടയണ നിര്‍മാണം വൈകിയത്. മാര്‍ച്ചിന് മുമ്പ് പ്രദേശത്ത് രൂക്ഷമാകാറുള്ള ജലക്ഷാമത്തിന് പരിഹാരമാകുന്ന തടയണ ഉടന്‍ നിര്‍മിക്കാന്‍ തയാറായില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. 1.25 കോടി രൂപ ചെലവില്‍ മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളി ഭാഗത്തും പുഴയുടെ അക്കരെ പരിയാരം പഞ്ചായത്തിലെ കോവിലകം കടവിനും കുറുകെ തടയണ നിര്‍മിക്കാനാണ് ഉദേശിച്ചിരുന്നത്. കടുത്ത വേനലാവുന്നതോടെ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസില്‍ വെള്ളം പമ്പ് ചെയ്യാന്‍പോലും പുഴയുടെ ഈഭാഗത്ത് വെള്ളമുണ്ടാകാറില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ് തടയണ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കുന്നപ്പിള്ളി ഭാഗത്ത് പുഴയില്‍ ഏതാനും വാര ദൂരം മാത്രമേ നിര്‍മാണം നടന്നുള്ളൂ. ആവേശത്തോടെ ആരംഭിച്ച പണികള്‍ പെട്ടെന്ന് നിലച്ചു. നാട്ടുകാര്‍ സമരത്തിനിറങ്ങിയതോടെ സമ്മര്‍ദത്തിലായ അധികാരികള്‍ പുഴയുടെ അക്കരെ പരിയാരം ഭാഗത്ത് നിര്‍മാണം ആരംഭിച്ചു. എന്നാല്‍, പണി അധികം നീണ്ടുപോയില്ല. കരാറുകാരനും തൊഴിലാളികളും അപ്രത്യക്ഷമായി. കോണ്‍ക്രീറ്റ് പണിക്കായി കൊണ്ടുവന്ന കമ്പികളും മെറ്റല്‍ഷീറ്റുകളടക്കം പുഴയില്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. കുന്നപ്പിള്ളി തടയണ നിര്‍മിച്ചാല്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പ്ഹൗസിലേക്ക് ആവശ്യമായ വെള്ളം ലഭിക്കും. കുന്നപ്പിള്ളി, കുറുപ്പം, പൂലാനി, മൂക്കിനിച്ചിറ തുടങ്ങി നിരവധി പ്രദേശങ്ങള്‍ ജലസമൃദ്ധമാകും. കനാല്‍വെള്ളം മുടങ്ങിയാലും കാര്‍ഷികവിളകള്‍ നശിക്കില്ല. എന്നാല്‍, പുഴയുടെ വെള്ളത്തിനടിയില്‍ തുരുമ്പെടുക്കുന്ന നിര്‍മാണ സാമഗ്രികള്‍ക്കൊപ്പം നാട്ടുകാരുടെ പ്രതീക്ഷകളും മങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.