കേന്ദ്രമന്ത്രി എത്തിയില്ല : ഊരുമൂപ്പത്തിയും കൂട്ടരും കാത്തിരുന്നത് മണിക്കൂറുകള്‍

തൃശൂര്‍: കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ഓറത്തെ കാണാന്‍ ഊരുമൂപ്പത്തിയുടെയും കൂട്ടരുടെയും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് വെറുതെയായി. രാമനിലയത്തില്‍ മൂന്ന് മണിക്കൂറോളം കാത്തിരിന്നിട്ടും മന്ത്രി എത്താത്തതിനാല്‍ സംഘത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെടാനാണ് വാഴച്ചാല്‍ കാടര്‍ ആദിവാസി ഊരുമൂപ്പത്തി വി.കെ. ഗീതയും വാഴച്ചാല്‍ വനസംരക്ഷണ സമിതി അംഗം കെ. സുബ്രഹ്മണ്യനും അടക്കമുള്ളവര്‍ മണിക്കൂറുകള്‍ കാത്തിരുന്നത്. വനാവകാശ നിയമപ്രകാരം കാടിന്‍െറ അവകാശികളായ ആദിവാസികളുടെ അനുമതിയില്ലാതെ വനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ബന്ധപ്പെട്ട കമ്മറ്റികളിലൊന്നും ചര്‍ച്ച ചെയ്യാതെ ജലവൈദ്യുതി പദ്ധതിക്കായി അതിരുതിരിക്കുന്നതിനും വൃക്ഷ മൂല്യനിര്‍ണയം നടത്തുന്നതിനുമെതിരെ ആദിവാസികളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യം. മുന്‍കൂര്‍ അനുമതി നേടിയാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ സംഘം രാമനിലയത്തില്‍ എത്തിയത്. ബി.ജെ.പി നേതാവ് ഷാജുമോന്‍ വട്ടേക്കാടാണ് ഇതിന് സൗകര്യം ഒരുക്കിയത്. നെടുമ്പാശേരിയില്‍നിന്ന് രാവിലെ 11ഓടെ എത്തുന്ന മന്ത്രിയുമായി ഒരുമണിക്കൂര്‍ കൂടിക്കാഴ്ചക്കാണ് സമയം അനുവദിച്ചത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം സാഹിത്യ അക്കാദമി ഹാളില്‍ ആഗോള ആദിവാസി സംഗമത്തിലും മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മന്ത്രി വരുന്ന കാര്യം സ്പെഷല്‍ ബ്രാഞ്ചിനെയും ബി.ജെ.പി സംസ്ഥാന നേതാക്കളെയും അറിയിച്ചിരുന്നു. ഇതനുസരിച്ച് മന്ത്രിയെ സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് ഉന്നതോദ്യോഗസ്ഥനും പൊലീസ് സംഘവും സ്ഥലത്തത്തെി. രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും മന്ത്രിയെ കാണാതായതോടെ ബി.ജെ.പി നേതാക്കള്‍ തലങ്ങും വിലങ്ങും വിളിയായി. അപ്പോഴാണ് മന്ത്രി ഡല്‍ഹിയില്‍നിന്ന് യാത്ര തിരിച്ചിട്ടില്ളെന്നുതന്നെ അറിയുന്നത്. മാധ്യമപ്രവര്‍ത്തകരും മണിക്കൂറുകളോളം മന്ത്രിയെ കാത്തിരുന്ന് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.