കൊതുകുകള്‍ക്കിവിടം വിഷ്ണുലോകം

തൃശൂര്‍: ഏങ്ങും മൂളിപ്പറക്കുകയാണ് കൊതുകുകള്‍. നഗരം മുഴുവന്‍ കൊതുകുകളുടെ വിളയാട്ടമാണ്. സിക വൈറസ് ഭീതിയില്‍ ആരോഗ്യവകുപ്പ് അധികൃതരും മറ്റും മാലിന്യ നിര്‍മാര്‍ജനത്തിനായി മുറവിളി കൂട്ടുമ്പോളാണിത്. കോര്‍പറേഷന്‍ പരിധിയില്‍ കൊതുക് സാന്ദ്രത വളരെ കൂടുതലാണെന്ന് വ്യക്തമായിട്ടും കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പിന് ശുചീകരണ നിര്‍ദേശം നല്‍കിയിട്ടും നടപടിയില്ല. ശക്തന്‍ നഗറിന് സമീപത്തെ അഴുക്കുചാലുകളാണ് തൃശൂരിലെ പ്രധാന കൊതുക് വളര്‍ത്തുകേന്ദ്രം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസിനെ കൂടാതെ മന്ത് പരത്തുന്ന കൊതുകുകള്‍ കൂടി ജില്ലയില്‍ വ്യാപിക്കുന്നുണ്ട്. ക്യൂലെക്സ് കൊതുകുകളാണ് ഇവയില്‍ പ്രധാനം. അഴുക്കുജലമാണ് ഇവയുടെ വാസസ്ഥലം. മാന്‍സോണിയ കൊതുകുകളും അനോഫിലിസ് കൊതുകുകളും ഉണ്ട്. മാലിന്യം കുമിയുന്നതിനാല്‍ ഇവയുടെ പെരുപ്പം കൂടി. മാലിന്യം വലിച്ചെറിയലും വെള്ളം കെട്ടിക്കിടക്കലും ഇല്ലാതാക്കി ശുചിത്വപൂര്‍ണമായ അന്തരീക്ഷം സ്ഥാപിച്ചില്ളെങ്കില്‍ രോഗാതുര അവസ്ഥയാണ് ജില്ലയെ കാത്തിരിക്കുന്നത്. നഗരത്തിലെ മാലിന്യം ശേഖരിക്കുന്നതിലെ വീഴ്ച ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് തന്നെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുമിയുകയാണ്. ശക്തനിലെ ജൈവമാലിന്യ സംസ്കരണശാലയാണ് കോര്‍പറേഷന്‍െറ ഏക മാലിന്യസംസ്കരണ പ്ളാന്‍റ്. നിലവിലെ നാല് ടണ്‍ ജൈവമാലിന്യ സംസ്കരണം കൂടാതെ നാല് ടണ്‍ കൂടി സംസ്കരിക്കാനാകുന്ന വിപുലീകരണം ഏറെ മാസങ്ങളായി പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒച്ചിന്‍െറ വേഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്കരിച്ച മാലിന്യം വളമായി മാറുന്നത് വരെ സൂക്ഷിക്കാനായി നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഷെഡുകള്‍ ഒരുക്കിയിട്ടില്ല. നിലവില്‍ പഴയ മുനിസിപ്പല്‍ പ്രദേശ പരിധിയിലെ ആറ് സര്‍ക്കിളുകളില്‍നിന്നാണ് സംസ്കരണശാലയിലേക്ക് മാലിന്യം എത്തിക്കുന്നത്. ഇതുകൂടാതെ കോര്‍പറേഷന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യത്തില്‍നിന്ന് ജൈവമാലിന്യം വേര്‍തിരിച്ച് മൂന്ന് സ്ഥലങ്ങളില്‍ ശേഖരിക്കും. വടക്കേ സ്റ്റാന്‍ഡ്, എം.ജി റോഡ്, കൊക്കാലെ എന്നിവിടങ്ങളിലെ കോര്‍പറേഷന്‍ സ്ഥലങ്ങളിലാണ് ഇവ ശേഖരിക്കുന്നത്. പ്രകടനപത്രികയില്‍ മാലിന്യസംസ്കരണത്തിന് ഉറവിട സംസ്കരണം അടക്കം വമ്പന്‍ പദ്ധതികള്‍ വിഭാവനം ചെയ്ത പുതിയ ഭരണസമിതി ലാലൂരിലെ മാലിന്യം നികത്തുകയല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.