ആറ്റൂര്‍ രുചിപ്പെരുമക്ക് നവതി

ചെറുതുരുത്തി: രുചിപ്പെരുമയുമായി നവതിയിലേക്ക് നടന്നടുക്കുകയാണ് ആറ്റൂരിലെ ന്യൂഹോട്ടല്‍. വി.ഐ.പികളുടെ പ്രിയപ്പെട്ട രുചിയിടമാണ് ഈ കൊച്ചു ചായക്കട. ഷൊര്‍ണൂര്‍ - തൃശൂര്‍ സംസ്ഥാനപാതയില്‍ ആറ്റൂര്‍ ഗ്രാമത്തിലെ നാരായണേട്ടന്‍െറ ന്യൂഹോട്ടലിലുള്ളത് നാല് മേശകളും ബെഞ്ചുകളും. പരമാവധി പത്ത് പേര്‍ക്ക് ഇരിക്കാവുന്ന ഈ കൊച്ചുചായക്കട വി.ഐ.പികളുടെ പ്രിയപ്പെട്ട രുചി കേന്ദ്രമാണ്. രാഷ്ട്രീയക്കാര്‍, സിനിമ താരങ്ങള്‍, വ്യവസായ പ്രമുഖര്‍, കലാമണ്ഡലത്തിലെ കലാകാരന്മാരുമൊക്കെയായി പതിവുകാര്‍ ഏറെ. നാരായണേട്ടന്‍ 25 വര്‍ഷമായി ചായക്കട നടത്തുകയാണ്. ഇതിന് മുമ്പ് നാരായണേട്ടന്‍െറ അച്ഛനും മുത്തഛനുമാണ് നടത്തിയിരുന്നത്. ഇന്ന് 87 വയസ്സാവുന്നു. രാവിലെ അഞ്ചിന് കടതുറക്കും. രാത്രി എട്ടിന് അടക്കും. ദോശ, ഇഡലി എല്ലാം അരച്ച് ഉണ്ടാക്കുന്നതാണ്. ഇതിന്‍െറ ഒപ്പം അമ്മിയില്‍ അരക്കുന്ന ചമ്മന്തിയുണ്ടാകും. ചട്ണിയില്‍ കടലയോ നാളികേര ചണ്ടിയോ അരക്കില്ല. നാളികേരം മാത്രം. ചായക്കും കാപ്പിക്കും നാടന്‍ പശുവിന്‍െറ പാലാണ്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്കെല്ലാവര്‍ക്കും ഇത് വീടുപോലെയാണ്. ഭക്ഷണം പോലെ രുചികരമാണ് നാരായണേട്ടന്‍െറ പെരുമാറ്റം. കഴിഞ്ഞ ദിവസം മന്ത്രി എ.സി. മൊയ്തീനും വ്യവസായ പ്രമുഖന്‍ പട്ടാഭിരാമനും നാരായണേട്ടന്‍െറ ചായക്കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. സത്യന്‍ അന്തിക്കാട് ഈ കടയെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ ചില്ലിട്ട് വെച്ചിട്ടുണ്ട്. മരണം വരെ ലോഹിതദാസ് ഇവിടത്തെ സ്ഥിരം ഭക്ഷണപ്രിയനായിരുന്നു. സിദ്ദീഖ് ലാലുമാര്‍ പലപ്പോഴും രാത്രി വിളിച്ച് ഭക്ഷണം എടുത്ത് വെക്കാന്‍ പറയും. നാരായണേട്ടനും 60 കഴിഞ്ഞു. പലപ്പോഴും കട തുറക്കാന്‍ ക്ഷീണം തോന്നുമത്രേ. എന്നാലും, കട നടത്തുന്നത് തുടരുകയാണ്. കാരണം ഇത് വെറും ഭക്ഷണം കൊടുക്കുന്ന കച്ചവടമായല്ല അദ്ദേഹം കരുതുന്നത്. കാരണവന്മാര്‍ ചെയ്ത് വന്നൊരു നല്ലകാര്യത്തിന്‍െറ രുചി മുടക്കരുതല്ളോ-അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.