മറികടക്കാന്‍ മകനെ അനുവദിക്കില്ല, ഞാന്‍ പെരുന്തച്ചന്‍ –ശ്രീനിവാസന്‍

തൃശൂര്‍:‘എന്നെ മറികടക്കാന്‍ മകനെ അനുവദിക്കില്ല, ഞാന്‍ പെരുന്തച്ചനാണ്’ -നടന്‍ ശ്രീനിവാസന്‍ ഇതുപറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും കൂട്ടച്ചിരി. ‘വിനീത് വെല്ലുവിളിയായിരിക്കാം. എന്നാല്‍ അവന് ജോസ് താണിക്കല്‍ അവാര്‍ഡ് കിട്ടാന്‍ പോകുന്നില്ല. അത് എല്ലാ വര്‍ഷവും എനിക്ക് തരണം.എന്നെക്കാള്‍ അത്കിട്ടാന്‍ മറ്റാരുമില്ളെങ്കില്‍ എനിക്ക് തന്നെ തന്നുകൂടെ?’ -തന്നെ പുകഴ്ത്തിപറഞ്ഞവര്‍ക്ക് നര്‍മത്തില്‍ പൊതിഞ്ഞ ശ്രീനിവാസന്‍െറ മറുപടി. സിനിമയില്‍ ശ്രീനിവാസനെ തോല്‍പിക്കുമെങ്കില്‍ അത് മകന്‍ മാത്രമായിരിക്കുമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കെയാണ് ശ്രീനിവാസന്‍ താന്‍ പെരുന്തച്ചനാണെന്ന് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് ജോസ് താണിക്കലിന്‍െറ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ നാലാമത് ജോസ് താണിക്കല്‍ പുരസ്കാരം ഏറ്റുവാങ്ങിയാണ് ശ്രീനിവാസന്‍ ചടങ്ങ് രസബിന്ദുക്കളുടെ മിന്നുന്ന സന്ധ്യ സൃഷ്ടിച്ചത്. ഇത്രയധികം മഹാരഥന്മാരുടെ ഇടയില്‍ ഇരിക്കുന്നത് ആദ്യമായിട്ടായതിനാല്‍ പറയാനുള്ളത് പറയാന്‍ ഭയമില്ളെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍ സരസനിമിഷങ്ങള്‍ക്ക് തുടക്കമിട്ടത്. ‘ഉമ്മന്‍ചാണ്ടി മുതല്‍ എല്ലാവരും എന്നെ പ്രശംസിച്ചു. അതിനാല്‍ ഞാന്‍ മഹാരഥനാണ്. ജോസ് താണിക്കല്‍ നല്ല മനുഷ്യസ്നേഹിയാണെന്ന് പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ മനസ്സിലായി. മിഥുനം സിനിമ ഷൂട്ടിങ്ങിനായി ട്രെയിനില്‍ പോകുമ്പോള്‍ താണിക്കല്‍ എന്നെ കണ്ടിരുന്നുവെന്ന് താണിക്കലിന്‍െറ മകന്‍ പറഞ്ഞിരുന്നു. എങ്കില്‍ അദ്ദേഹത്തെ ഞാനും കണ്ടുകാണുമല്ളോ. അത് ഭാഗ്യമായി കരുതുന്നു’- ശ്രീനിവാസന്‍ പറഞ്ഞു. 25,000 രൂപയുടെ താണിക്കല്‍ സ്മാരക പുരസ്കാരവും പ്രശസ്തിപത്രവും ഉമ്മന്‍ചാണ്ടി ശ്രീനിവാസന് സമ്മാനിച്ചു. അഭിനയ പ്രതിഭയായ ശ്രീനിവാസനെ തോല്‍പിക്കുക മകന്‍ വിനീതായിരിക്കുമെന്ന് പുതുപ്പള്ളിയില്‍ ഈയിടെ വിനീതിന്‍െറ പ്രകടനം കണ്ട തനിക്ക് ബോധ്യപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ശ്രീനിവാസന്‍ കേമനാണ്. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിഞ്ഞപ്പോഴാണ് ഞെട്ടിയതെന്ന് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. വിയര്‍ത്താല്‍ റോസ് പൗഡര്‍ പോകുമെന്ന് കരുതുന്ന നടന്മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് ശ്രീനിവാസനെന്ന് അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍ ജോസ് താണിക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, നേതാക്കളായ ബെന്നി ബഹന്നാന്‍, പി.എ. മാധവന്‍ , ഒ.അബ്ദുറഹിമാന്‍കുട്ടി, ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹന്‍, എം.കെ. പോള്‍സണ്‍, ഐ.പി. പോള്‍, ഡോ.പി.വി. കൃഷ്ണന്‍നായര്‍, ആര്‍. ഗോപാലകൃഷണന്‍ ,രവി താണിക്കല്‍, ഡേവി താണിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.