തൃശൂര്‍: ജില്ലയിലെ പൊലീസിനെതിരെ കടുത്ത ആരോപണം. മാസപ്പടി ആരോപണത്തെ തുടര്‍ന്ന് മണ്ണുത്തിയിലെ ഹൈവേ പട്രോള്‍ പൊലീസ് ടീമിനെ സിറ്റി പൊലീസ് കമീഷണര്‍ കൂട്ടത്തോടെ സ്ഥലംമാറ്റി. വിയ്യൂര്‍, കുന്നംകുളം പൊലീസിനെതിരെയും ആരോപണമുണ്ട്. മണ്ണുത്തി പൊലീസിലെ ഹൈവേ പൊലീസ് പട്രോളിങ് സംഘത്തിനെതിരെ അസി. കമീഷണര്‍ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം വാങ്ങുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 12 പേരാണ് ഹൈവേ പൊലീസില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ടേണ്‍ ഓവറിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാല് പേരൊഴികെയുള്ളവരെയാണ് കണ്‍ട്രോള്‍ റൂമിലേക്കും എ.ആര്‍ ക്യാമ്പിലേക്കും മാറ്റിയത്. സ്പിരിറ്റ് അടക്കം ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്ന അതിര്‍ത്തി പ്രദേശമാണ് മണ്ണുത്തി പൊലീസ് പരിധി. ചരക്കുവാഹനങ്ങളും വന്‍തോതില്‍ കടന്നുപോകുന്നുണ്ട്. പതിവായി പോകുന്ന വാഹനങ്ങളില്‍നിന്ന് മാസപ്പടി പറ്റുന്നുണ്ടെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. രേഖാമൂലം പരാതി വന്നപ്പോഴാണ് അസി. കമീഷണറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് ഹൈവേ പട്രോളിങ്ങിന്‍െറ രണ്ട് വാഹനങ്ങളും പീച്ചി പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പരാതികളില്‍ നടപടിയെടുക്കുന്നില്ളെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും ആരോപണവിധേയരുമായി ഒത്തുതീര്‍പ്പാക്കുകയും ചെയ്യുകയാണെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഒത്തുതീര്‍പ്പിനായി പണം പറ്റുന്നുണ്ടെന്നാണ് വ്യാപക പരാതി. വിയ്യൂരില്‍തന്നെയുള്ള പട്ടാളക്കാരന്‍ നല്‍കിയ പരാതിയില്‍ മാസങ്ങളോളം നടപടിയെടുക്കാതിരുന്നതില്‍ ഐ.ജിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. സമാന പരാതികള്‍ പിന്നെയും ലഭിച്ച സാഹചര്യത്തിലാണ് സ്പെഷല്‍ ബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുന്നംകുളത്ത് കഴിഞ്ഞ ദിവസം ചാനല്‍ കാമറാമാന് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇവിടെ നേരത്തേ പരാതിക്കാരനെ പീഡിപ്പിച്ചതും അക്കിക്കാവ് എന്‍ജിനീയറിങ് കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടും പൊലീസിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അരിമ്പൂര്‍ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തിക്കാട് പൊലീസിനെതിരെയും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറായ ദലിത് യുവാവിനെ മര്‍ദിച്ചതായി വലപ്പാട് പൊലീസിനെതിരെയും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.