ഗവ. മെഡി. കോളജ് ആശുപത്രിയില്‍ സുരക്ഷ വീഴ്ച

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് വാര്‍ഡുകളുടെ സുരക്ഷയെയും ആശുപത്രി വളപ്പിലെ പാര്‍ക്കിങ് സമ്പ്രദായത്തെയും താറുമാറാക്കി. 17 വാര്‍ഡുകളും ഇരുപതോളം ഒ.പികളുമുള്ള ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കേവലം 15 ല്‍ താഴെ സുരക്ഷാ ജീവനക്കാരാണ്. ഇതു മൂലം ഭൂരിഭാഗം വാര്‍ഡുകളിലും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമില്ല. സദാസമയവും പാസില്ലാതെ സന്ദര്‍ശകര്‍ വാര്‍ഡുകളില്‍ കയറി ഇറങ്ങുന്നു. ഡോക്ടര്‍മാരുടെ സന്ദര്‍ശന സമയത്തുപോലും സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അജ്ഞാതര്‍ക്കു ഏത് സമയത്തും ആശുപത്രിക്കുള്ളില്‍ പ്രവേശിക്കാവുന്ന അവസ്ഥയാണ്. അടുത്തിടെ വാര്‍ഡിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ കളവ് പോയി. ആശുപത്രിയിലെ എക്കോ റൂമിന്‍െറ പൂട്ടും അജ്ഞാതര്‍ അറത്തുമാറ്റി. ഒ.പികളില്‍ രോഗികളെ നിയന്ത്രിക്കാനും കഴിയുന്നില്ല. ഒ.പികള്‍ക്ക് മുന്നില്‍ രോഗികള്‍ തമ്മില്‍ സംഘര്‍ഷവും പതിവായിരിക്കുകയാണ്. ആശുപത്രി വളപ്പിലെ പാര്‍ക്കിങ് സമ്പ്രദായത്തെയും താറുമാറാക്കിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ പോലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു. ഇതുമൂലം ആംബുലന്‍സുകള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലേക്ക് രോഗിയെയും കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവറും ആശുപത്രി അധികൃതരും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും നടന്നു. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ 25 സുരക്ഷാ ജീവനക്കാരെയെങ്കിലും നിയമിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.