ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. ക്ഷേത്രങ്ങളും പള്ളികളും വീടുകളും കടകളും കേന്ദ്രീകരിച്ചാണ് മോഷണ പരമ്പരകള്‍ അരങ്ങേറുന്നത്. രാത്രി മാത്രമല്ല, നഗരമധ്യത്തില്‍ പോലും പട്ടാപ്പകലാണ് മോഷണം നടക്കുന്നത്. ഇരിങ്ങാലക്കുടയിലെ പാത്രക്കടയില്‍ നിന്നും പട്ടാപ്പകല്‍ 20,000 രൂപയടങ്ങുന്ന ബാഗ് മോഷണം പോയി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് പ്രദേശങ്ങളില്‍ നടന്നത്. ആഗസ്റ്റ് രണ്ടിന് നടവരമ്പിലെ വീട്ടില്‍ നിന്നും 40 പവന്‍െറ സ്വര്‍ണാഭരണങ്ങളും 2000 രൂപയും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച താണിശേരി ഡോളേഴ്സ് പള്ളിക്ക് മുന്നിലുള്ള സെന്‍റ് ജോര്‍ജ് കപ്പേളയുടെ നേര്‍ച്ചപ്പെട്ടിയും തെക്കോവുപുരയിലുള്ള എസ്.എന്‍.ഡി.പി ഗുരു മന്ദിരത്തിന്‍െറ ഭണ്ഡാരവും മോഷ്ടാക്കള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. പുറ്റിങ്ങല്‍ ഗുരുനാഥ സ്വാമി ക്ഷേത്രത്തിലെ ദീപസ്തംഭം പകല്‍ സമയത്താണ് കവര്‍ന്നത്. ഇങ്ങനെ നിരവധി കവര്‍ച്ചകളാണ് സമീപത്തായി നടന്നത്. കളവുകള്‍ നടന്ന സ്ഥലങ്ങളില്‍ പൊലീസ് എത്തി വിരലടയാളവും മറ്റ് തെളിവുകളും ശേഖരിക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാനായില്ല. രാത്രി പൊലീസ് പട്രോളിങ് ശക്തമാണെങ്കിലും മോഷ്ടാക്കള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഉള്‍പ്രദേശങ്ങളിലെ ക്ഷേത്രങ്ങളും പള്ളികളുമാണ്. വീടുകളിലും കടകളിലും നടന്നിട്ടുള്ള മോഷണങ്ങളിലെ പ്രതികളെ പിടികൂടാത്തത് പൊലീസിന്‍െറ വീഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.