ചാലക്കുടി: ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ കാരക്കുളത്തുനാട്ടിലെ പറയന്‍തോട്ടില്‍ തുടങ്ങിയ തടയണ നിര്‍മാണം പാതിവഴിയില്‍. തടയണക്കായി നിര്‍മിച്ച ഏഴ് ചെറിയ തൂണുകള്‍ നോക്കുകുത്തിയായി. നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ നാല് ലക്ഷം രൂപ കൂടി വേണമെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. നിര്‍മാണം പ്രഹസനമാണെന്നും വന്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. കിലോ മീറ്ററുകളോളം പാടശേഖരങ്ങളിലൂടെ ഒഴുകി ചാലക്കുടിപ്പുഴയില്‍ എത്തുന്നതാണ് പറയന്‍തോട്. കഴിഞ്ഞ ഭരണസമിതിയാണ് തടയണ നിര്‍മാണം ആരംഭിച്ചത്. കാരക്കുളത്തുനാട് പാടശേഖരത്തിലെ 70 ഏക്കറോളം നെല്‍കൃഷിക്ക് ജലസേചനത്തിനാണ് പറയന്‍തോട്ടില്‍ തടയണ നിര്‍മിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നഗരസഭയുടെ തീരുമാനം. അന്ന് മൂന്നുലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എസ്റ്റിമേറ്റ് എടുത്തതോടെ ലക്ഷങ്ങളുടെ കണക്ക് വീണ്ടും ഉയര്‍ന്നു. എന്നാല്‍, ഇതുവരെയായും നിര്‍മാണം പൂര്‍ത്തിയായില്ല. തടയണ നിര്‍മാണം ശാസ്ത്രീയമല്ളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തടയണ കെട്ടണമെങ്കില്‍ ആദ്യം പറയന്‍തോടിന്‍െറ വശങ്ങള്‍ കെട്ടണം. ഇവിടെ അധികം വെള്ളം ശേഖരിക്കാന്‍ ആവില്ല. തടയണ നിര്‍മിച്ചത് യോജിച്ച സ്ഥലത്തല്ല. റെയില്‍വേ പാലത്തിന് അപ്പുറത്ത് തടയണ നിര്‍മിച്ചാല്‍ മാത്രമേ വെള്ളം ശേഖരിക്കാന്‍ സാധിക്കൂ. വെള്ളം നിര്‍ത്താന്‍ ഒരു സംവിധാനവുമില്ലാത്തിടത്ത് തടയണ കെട്ടിയത് പണം ധൂര്‍ത്തടിക്കാന്‍ മാത്രമേ പ്രയോജനപ്പെടൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.