വേണം, ഷൊര്‍ണൂരിലെ വില്ളേജ് ഓഫിസുകള്‍ക്ക് മോചനം

ഷൊര്‍ണൂര്‍: അസൗകര്യങ്ങളില്‍ ഞെരുങ്ങി ഷൊര്‍ണൂര്‍ ഒന്നും രണ്ടും വില്ളേജ് ഓഫിസുകള്‍. ഒമ്പതിനായിരത്തോളം ഏക്കര്‍ സ്ഥലമുള്ള രണ്ട് വില്ളേജ് ഓഫിസുകളിലുമായി പത്ത് സ്ഥിരം ജീവനക്കാരും ഒരു താല്‍കാലിക ജീവനക്കാരിയുമുണ്ട്. ഇവര്‍ക്കിരിക്കാനും ഫയലുകള്‍ വെക്കാനും പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഓഫിസുകളുടെ പ്രവര്‍ത്തനം. ഷൊര്‍ണൂര്‍ നഗരസഭാ ഓഫിസിന്‍െറ പ്രധാന കെട്ടിടം മേയ് മാസത്തില്‍ തീപിടിച്ച് നശിച്ചിരുന്നു. ഇതോടൊപ്പം നിരവധി രേഖകളും കമ്പ്യൂട്ടര്‍ അടക്കമുള്ളവയും നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് നഗരസഭാ ഓഫിസിന് തീപിടിക്കാനിടയാക്കിയത്. രണ്ട് വില്ളേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മുറിയിലെ വൈദ്യുതി മെയിന്‍ സ്വിച്ച് അത്യാവശ്യ ഘട്ടത്തില്‍ ഓഫ് ചെയ്യാനും കൂടി പറ്റാത്ത നിലയില്‍ തുറന്നും തൂങ്ങിയുമാണ് നില്‍ക്കുന്നത്. ഒരു തീപിടിത്തമുണ്ടായാല്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളുടെ രേഖകളും മറ്റും നിമിഷ നേരംകൊണ്ട് കത്തിച്ചാമ്പലാകും. ഭൂമി സംബന്ധിച്ച രേഖകളടക്കം മോഷണം പോയേക്കാവുന്ന സ്ഥിതിയിലുമാണ് ഓഫിസുകള്‍. തീരെ അടച്ചുറപ്പില്ലാത്ത ഓഫിസുകളിലേക്ക് നല്ല മഴ വന്നാല്‍ വെള്ളം തള്ളിക്കയറും. റെക്കോഡ് റൂമില്ലാത്തതിനാല്‍ സാധാരണ അപേക്ഷകള്‍ക്കൊപ്പം വിലപ്പെട്ട രേഖകളും വെക്കേണ്ട സ്ഥിതിയാണ്. പഴകി ദ്രവിച്ച ഫര്‍ണിച്ചറുകളാണ് ഇവിടെയുള്ളത്. കസേരകളുടെ കാലപ്പഴക്കം മൂലം വില്ളേജ് ഓഫിസര്‍മാര്‍ക്ക് പോലും ഇരിപ്പിടം സുരക്ഷിതമല്ല. പ്രായമായ ആളുകള്‍ വരുമ്പോള്‍ ഇരിക്കാന്‍ പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ക്കാകുന്നില്ല. കാലപ്പഴക്കം ചെന്ന ഫാനുകള്‍ തലയിലേക്ക് പൊട്ടിവീണാലോ എന്ന പേടിയില്‍ ഭൂരിഭാഗം സമയവും പ്രവര്‍ത്തിപ്പിക്കാറില്ല. ഉച്ചക്ക് ഊണ് കഴിക്കണമെങ്കില്‍ ഓഫിസുകളിലുള്ള എല്ലാവരെയും പറത്താക്കിയാലേ ഭക്ഷണപാത്രം കൈയില്‍ പിടിച്ചിട്ടെങ്കിലും കഴിക്കാനാകൂ. പഴകിയ ബാത്ത്റൂം ഉണ്ടെങ്കിലും വാട്ടര്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഉപയോഗശൂന്യമായ അവസ്ഥയാണ്. നിലവില്‍ വില്ളേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബസ്സ്റ്റാന്‍ഡ് കെട്ടിടവും ബസ്സ്റ്റാന്‍ഡ് യാര്‍ഡ്, മാര്‍ക്കറ്റ് എന്നിവയുടെ സ്ഥലവും റവന്യൂ വകുപ്പിന്‍െറതായിരുന്നു. രണ്ട് വില്ളേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിന് രണ്ട് വലിയ മുറികള്‍ നല്‍കണമെന്ന വ്യവസ്ഥയിലാണ് മൊത്തം സ്ഥലവും നഗരസഭക്ക് കൈമാറിയത്. എന്നാല്‍ നഗരസഭ ഒരു മുറി മാത്രമാണ് രണ്ട് ഓഫിസുകള്‍ക്കും കൂടി നല്‍കിയത്. അതാകട്ടെ ഒന്നാം നിലയിലും. സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന വഴിയുടെ വലത് വശത്ത് പഴയ ഹാന്‍ടെക്സ് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന മൂന്നര സെന്‍റ് സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ സ്ഥലം വിനിയോഗിച്ചാല്‍ വില്ളേജ് ഓഫിസുകള്‍ക്കായി നല്ല കെട്ടിടം പണിയാം. ഇതിനായി 12 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.