തൃശൂര്‍: ട്രേഡ് ലിങ്ക് കുറിക്കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ നാട്ടിക മുല്ലവീട്ടില്‍ സജീവനെ (50) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയതിന് പിറകെ സ്ഥാപനം തകരുമെന്ന് ഉറപ്പായതോടെ രണ്ടുവര്‍ഷം മുമ്പ് ഇയാള്‍ കമ്പനി വിട്ടിരുന്നു. 25 വര്‍ഷം മുമ്പ് സാധാരണ നിലയില്‍ ജീവിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ തൃപ്രയാറില്‍ ഇരുനില ആഡംബര വീടും കാറും മറ്റ് സൗകര്യങ്ങളുമായി വലിയ നിലയില്‍ താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുറിക്കമ്പനി ഡയറക്ടര്‍ കാട്ടൂര്‍ തേര്‍മഠം തോമസിനെ (52) കഴിഞ്ഞ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ട്രേഡ് ലിങ്ക് ചെയര്‍മാന്‍ പൂങ്കുന്നം കുറുവത്ത് വീട്ടില്‍ മനോജ് ഒളിവിലാണ്. റൂറല്‍ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെയും ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്‍െറയും നേതൃത്വത്തില്‍ ബുധനാഴ്ചയാണ് സജീവനെ അറസ്റ്റ് ചെയ്തത്. തൃപ്രയാര്‍, വാടാനപ്പള്ളി, മുറ്റിച്ചൂര്‍, അന്തിക്കാട്, ചിറക്കല്‍, കാട്ടൂര്‍ എന്നിവിടങ്ങളില്‍ 25 വര്‍ഷം മുമ്പ് കുറിക്കമ്പനിയായാണ് ട്രേഡ് ലിങ്ക് ആരംഭിച്ചത്. പിന്നീട് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സമാഹരിച്ചത്. കുറി നടത്താനല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ ലൈസന്‍സില്ളെന്ന വിവരം മറച്ചുവെച്ചാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ബിസിനസുകാരും പ്രവാസികളും പണം നഷ്ടപ്പെട്ടവരിലുണ്ട്. നിക്ഷേപം സ്വീകരിക്കാന്‍ ലൈസന്‍സ് ഇല്ലാത്തതിന് പുറമെ 2013ല്‍ ഭേദഗതി ചെയ്ത ചിട്ടി നിയമപ്രകാരം അഞ്ച് കുറികള്‍ നടത്താന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ 39 കുറികള്‍ നടത്തിയിരുന്നു. നിക്ഷേപകരില്‍നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് ഇവര്‍ ജില്ലയിലും പുറത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആഡംബര വീടുകള്‍ നിര്‍മിക്കുകയും വാഹനങ്ങള്‍ വാങ്ങുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പങ്കാളികള്‍ക്കിടയിലെ അഭിപ്രായഭിന്നതയും ധൂര്‍ത്തും ആര്‍ഭാടവും ജീവനക്കാരില്‍ ചിലരുടെ സാമ്പത്തിക ക്രമക്കേടുമാണ് സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് നയിച്ചത്. സ്ഥാപന ഉടമകള്‍ ചില ജീവനക്കാരുമായി ചേര്‍ന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നു. തുച്ഛ വരുമാനക്കാരായ ചില ജീവനക്കാര്‍ വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍ മനോജിനായി അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.