കാലൊടിഞ്ഞ ആളുടെ കൈ പൊലീസ് തല്ലിയൊടിച്ചു

കൊടുങ്ങല്ലൂര്‍: കഞ്ചാവ് വില്‍പനക്കെതിരെ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട സംഘര്‍ഷം തീര്‍ക്കാനത്തെിയ പൊലീസ് അപകടത്തില്‍ കാലൊടിഞ്ഞ നിരപരാധിയുടെ കൈ തല്ലിയൊടിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ പ്രബേഷണറി എസ്.ഐയുടെ നേതൃത്വത്തില്‍ അഴീക്കേട് മുനക്കല്‍ ബീച്ച് സൂനാമി കോളനിയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിലാണ് ഫോട്ടോഗ്രാഫറായ മത്തേല പടന്ന രായംമരക്കാര്‍ വീട്ടില്‍ ഇബ്രാഹീംകുട്ടിയുടെ മകന്‍ റിയാസിന്‍െറ കൈ തല്ലിയൊടിച്ചത്. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ഇയാളെ വേട്ടക്കിരയാക്കിയതെന്ന് സി.പി.ഐയും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി. നേരത്തേ അപകടത്തില്‍ പരിക്കേറ്റ കാലിന് നേരെ വന്ന അടി തടുത്ത കൈക്ക് ലാത്തികൊണ്ട് നിഷ്കരുണം ആഞ്ഞാഞ്ഞ് അടിക്കുകയായിരുന്നു. സമീപത്തെ സ്റ്റുഡിയോ ഉടമയുടെ വീട്ടിലത്തെി മടങ്ങുകയായിരുന്ന റിയാസിന് കാലിന്‍െറ പരിക്കുമൂലം ഓടിമാറാനും കഴിഞ്ഞില്ല. കാലിനകത്ത് സ്റ്റീല്‍ ദണ്ഡ് ഇട്ടിട്ടുള്ള വിവരം കരഞ്ഞുപറഞ്ഞിട്ടും പ്രബേഷണറി എസ്.ഐ ഇയാളോട് ദയ കാണിച്ചില്ല. സി.പി.ഐ പ്രവര്‍ത്തകനാണ് റിയാസ്. അഴീക്കോട് സൂനാമി കോളനിയില്‍ രണ്ടുപേരെ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് ഈയിടെ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവിട്ടിരുന്നു. കോളനിയിലെ ചിലരാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് ആരോപിച്ച് ഇവര്‍ കോളനിയിലുള്ളവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇതറിഞ്ഞത്തെിയ പൊലീസ് സംഘമാണ് ലാത്തിയടി നടത്തിയത്. ലാത്തിയടിയേറ്റും ഓടിയും വീണും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളനിയിലെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയ രണ്ടുപേരെ സ്റ്റേഷനിലും മര്‍ദിച്ചു. സി.ഐ ബിജുകുമാറിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെിയാണ് സ്ഥിതി ശാന്തമാക്കിയത്. സി.ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തില്‍ പിടിച്ചുകൊണ്ടുപോയവരെ രാത്രി ഒരു മണിയോടെയാണ് വിട്ടയച്ചത്. എസ്.ഐയെയും മറ്റും സസ്പെന്‍റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്നും പി.കെ. ഷംസുദ്ദീന്‍ അറിയിച്ചു. എസ്.ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സി.പി.ഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം. ബാബു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.