വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ രോഗികള്‍ ദുരിതത്തില്‍. തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ഒ.പിയില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ചികിത്സ ലഭ്യമാകാതെ രോഗികളെ മടങ്ങുന്നു. എട്ട് അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫിസര്‍, 19 സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 27 ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കണം. എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ ഒരാളും ഒ.പിയില്‍ നാലുപേരുടെയും സേവനം മാത്രമേ ഇപ്പോഴുള്ളൂ. ഒ.പിയില്‍ കാലത്ത് എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഡ്യൂട്ടി സമയം. എന്നാല്‍, 11 കഴിഞ്ഞാല്‍ പല സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും സീറ്റില്‍ കാണില്ല. ഇത് നിത്യസംഭവമാണെന്ന് രോഗികള്‍ പരാതിപ്പെടുന്നു. ചികിത്സ ലഭിക്കാന്‍ ഡോക്ടറെ വീട്ടില്‍ പോയി കാണേണ്ട ഗതികേടിലാണ്. ഗൈനക്കോളജി, ഇ.എന്‍.ടി, സര്‍ജറി, കണ്ണ്, പല്ല്, മെഡിസിന്‍ എന്നിവരുള്‍പ്പെടെ ആവശ്യമായ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലുണ്ട്. ഓപറേഷന്‍ തിയറ്റര്‍ ഡ്യൂട്ടിയില്‍ ഒ.പി. മുടക്കി രണ്ട് സര്‍ജറി ഡോക്ടര്‍മാരും ഒരുമിച്ച് കയറി ശസ്ത്രക്രിയ നടത്തുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഡ്യൂട്ടി അറേഞ്ച്മെന്‍റ് കൃത്യമാക്കി ടോക്കണ്‍ സിസ്റ്റം നടപ്പാക്കിയാല്‍ നൂറുകണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നതാണ്. ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മറയാക്കി സ്വകാര്യ ലോബി ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി വന്‍ ലാഭം കൊയ്യുകയാണെന്ന് ആരോപണമുണ്ട്. രോഗികളെ ചികിത്സിക്കാന്‍ മെനക്കെടാതെ ഡ്യൂട്ടിസമയത്ത് കറങ്ങിനടക്കുന്ന സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലുണ്ടെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.