എക്സൈസ് റെയ്ഡ് ശക്തമാക്കി: നുരഞ്ഞുപൊങ്ങി ലഹരിവില്‍പന

മത്തേല: എക്സൈസ് കമീഷണറുടെ നിര്‍ദേശപ്രകാരം ശക്തമാക്കിയ റെയ്ഡില്‍ നിരവധിപേര്‍ പിടിയില്‍. കഞ്ചാവ്, മദ്യം, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന, പുകവലി തുടങ്ങിയ കേസുകളാണ് സമീപദിവസങ്ങളിലായി പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ നടന്ന റെയ്ഡില്‍ കഞ്ചാവ് വില്‍പനക്കാരായ രണ്ടുപേര്‍ പിടിയിലായി. വിദ്യാര്‍ഥികളെയും നിര്‍മാണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന ഇവരെ കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.പി. സുധാകരനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂര്‍ സ്വദേശി ഹരിദാസ് (23), കൊല്ലം കൊട്ടാരക്കര സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് റെയ്ഡിനിടെ സംശയാസ്പദമായ രീതിയില്‍ അഞ്ചപ്പാലം സെന്‍ററില്‍ കണ്ട മുഹമ്മദിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികള്‍ ലഭിച്ചത്. മുഹമ്മദാണ് ഹരിദാസിനെക്കുറിച്ച് വിവരം നല്‍കിയത്. ഇരുവരും ചാലക്കുടിയില്‍ ജോലി ചെയ്തുവരുന്നവരാണ്. മുഹമ്മദിന്‍െറ ഫോണില്‍നിന്ന് വിളിച്ചുവരുത്തിയാണ് എക്സൈസ് സംഘം ഹരിദാസിനെ ബൈക്കും കഞ്ചാവ് പൊതികളും സഹിതം പിടികൂടിയത്. പ്രതികളെ കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അളവില്‍ കൂടുതല്‍ മദ്യം കൈവശംവെച്ചതിന് അഞ്ചുപേര്‍ക്കെതിരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 11 പേര്‍ക്കെതിരെയും അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്ത് പുകവലിച്ചതിന് 65 പേര്‍ക്കെതിരെയും കേസെടുത്തു. വരുംനാളുകളില്‍ കൊടുങ്ങല്ലൂരില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.പി. സുധാകരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.