പൊന്നാനി താലൂക്കില്‍ ഇന്ന് മുതല്‍ ബസ് പണിമുടക്ക്

എടപ്പാള്‍: പൊന്നാനി താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും പണിമുടക്ക്. കഴിഞ്ഞദിവസം ബസ് തൊഴിലാളികളെ ആക്രമിച്ച കേസില്‍ മൂന്നുപേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പെറ്റിക്കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിലും ബസ് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് പാലക്കാട്, തൃശൂര്‍ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വിസുകളെയും ബാധിക്കും. എടപ്പാള്‍ സ്വദേശികളായ മുഫാഷിദ് (36), അബീഷ് (31), ശ്രീനിവാസന്‍ (32) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ എടപ്പാളിലെ പെട്രോള്‍പമ്പില്‍നിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങിയ ബസ് സ്കോര്‍പിയോ വാനില്‍ തട്ടിയതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ടവര്‍ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച ബസ് തൊഴിലാളികള്‍ പൊന്നാനി താലൂക്കില്‍ പണിമുടക്ക് നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.