ധനലക്ഷ്മി ബാങ്കിനെതിരെ ആത്മരോഷം അണപൊട്ടി ജയകുമാറിന്‍െറ രാജിക്കത്ത്

തൃശൂര്‍: ‘കാലഹരണപ്പെട്ട ഫ്യൂഡല്‍ മനോഭാവമുള്ള ചീഫ് ജനറല്‍ മാനേജറും ഒരളവോളം അത്തരക്കാരനായ എം.ഡിയുമാണ് ഈ ബാങ്കിലുള്ളത്. ഈ മാനേജ്മെന്‍റിലും അതിന്‍െറ മൂല്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടു. ഒരു മരത്തിനുവേണ്ടി വനംതന്നെ നഷ്ടപ്പെടുത്തിയവരാണ് അതിലുള്ളത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് കരുതുന്ന, വിവേകമില്ലാത്ത മനുഷ്യവിഭവശേഷി വിനിയോഗത്തിന്‍െറ പ്രയോക്താക്കളാണ് ഇതിനെ നയിക്കുന്നത്. ഡയറക്ടര്‍ എന്ന നിലക്ക് ഞാന്‍ നിസ്സഹായനും നിരാശനുമാണ്. ആ സ്ഥാനത്ത് തുടരാന്‍ ആത്മനിന്ദ തോന്നുന്നു, രാജിവെക്കുന്നു’ -ധനലക്ഷ്മി ബാങ്കിന്‍െറ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ബാങ്ക് ചെയര്‍മാന്‍ ആര്‍.എല്‍. ജയറാമിന് അയച്ച കത്തിലെ വാചകങ്ങളാണിത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും മുമ്പ് ജയകുമാര്‍ രാജി പ്രഖ്യാപിച്ചു. ബാങ്കിലെ അസ്വസ്ഥതകളെല്ലാം നിഴലിക്കുന്നതാണ് കത്ത്. മുംബൈ ശാഖയിലെ സ്ഥിര നിക്ഷേപ വായ്പാ തട്ടിപ്പിനെക്കുറിച്ച് മാനേജ്മെന്‍റിനെ അറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചതിലുള്ള പകപോക്കാന്‍ ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ നേതാവായ പി.വി. മോഹനനെ പിരിച്ചുവിട്ടതുള്‍പ്പെടെ ബാങ്കിലെ എല്ലാ പ്രശ്നങ്ങള്‍ക്കും സാക്ഷിയായ ജയകുമാര്‍, മനസ്സിടിഞ്ഞാണ് രാജിവെക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. 2013 ആഗസ്റ്റ് മുതല്‍ ബാങ്ക് ഡയറക്ടറാണ് ജയകുമാര്‍. ഇടക്കാലത്ത് വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ‘ബാങ്കിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പല ശ്രമം നടത്തി. നിരാശയാണ് ഫലം. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ബിസിനസ് ആശങ്കജനകമാം വിധം ഇടിഞ്ഞിരിക്കുന്നു’ -അടുത്തിടെ ചെയര്‍മാനായി ചുമതലയേറ്റ ജയറാമിനുള്ള കത്തില്‍ ജയകുമാര്‍ പറയുന്നു. നിരുത്സാഹപ്പെടുത്തുന്ന ഈ അവസ്ഥയില്‍ പുനരുജ്ജീവനം അസാധ്യമല്ല. അതിന് ജീവനക്കാരുടെ സമര്‍പ്പണവും സഹകരണവും വേണം. മോഹനന്‍െറ ചില പ്രവര്‍ത്തനങ്ങളോട് ഡയറക്ടര്‍ ബോര്‍ഡിന് എതിര്‍പ്പുണ്ടായിരുന്നു. താനും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്‍െറ സത്യസന്ധതയെ സംശയിക്കേണ്ടതില്ല. പിരിച്ചുവിടല്‍ അന്യായവും അനീതിയുമാണ്. പിരിച്ചുവിടാന്‍ മാത്രം എന്ത് കുറ്റമാണ് ചെയ്തതെന്നും അതുവഴി സ്ഥാപനത്തിനോ പൊതുസമൂഹത്തിനോ എന്ത് നേട്ടമുണ്ടായെന്നും ജയകുമാര്‍ ചോദിക്കുന്നു. ബാങ്ക് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ പിന്തുണ ഇല്ലാതാക്കുന്ന നടപടി ബുദ്ധിശൂന്യവും ദീര്‍ഘവീക്ഷണം ഇല്ലാത്തതുമാണ്. ഇത് ചിന്താശൂന്യവും മര്‍ക്കടമുഷ്ടിയുമാണ്. ഒരു വ്യക്തിയോട് അനീതി കാണിച്ചതിനൊപ്പം ജീവനക്കാരുടെ ആത്മവീര്യം പാടെ അവഗണിച്ചു. കനിവുകാട്ടാന്‍ ഇപ്പോഴും വൈകിയിട്ടില്ളെന്ന് ഓര്‍മിപ്പിക്കുന്ന ജയകുമാര്‍, പിരിച്ചുവിടല്‍ ഉത്തരവ് പുന$പരിശോധിക്കാനും സര്‍വിസില്‍ ഇല്ലാതിരുന്ന കാലം അവധിയായി പരിഗണിച്ച് മോഹനന് വിരമിക്കല്‍ ആനുകൂല്യം നല്‍കാനും മാനേജ്മെന്‍റിനെ ഉപദേശിക്കുന്നു. ബാങ്കിന് ജീവനക്കാരുടെ സഹകരണം ആവശ്യമില്ളെന്ന് തോന്നിപ്പിക്കുന്ന നടപടികളും മനോഭാവവുമാണ് മാനേജ്മെന്‍റിന്‍േറത്. വിഷയത്തില്‍ വിരുദ്ധ നിലപാട് എടുത്തതു മുതല്‍ ചീഫ് ജനറല്‍ മാനേജര്‍ മണികണ്ഠന്‍െറ ഫ്യൂഡല്‍ മനോഭാവം തിരിച്ചറിയപ്പെട്ടതാണ്. ഡയറക്ടര്‍മാരെല്ലാം വിധേയന്മാരാവണമെന്ന് അദ്ദേഹവും എം.ഡിയും നടപടികളിലൂടെ കാണിച്ചു. മറിച്ചൊരു കാഴ്ചപ്പാടുള്ള ഡയറക്ടറെ എത്രമാത്രം അവഹേളിക്കുമെന്ന് സ്വതന്ത്ര ഡയറക്ടറായിരുന്ന വിജയരാഘവനെ തുരത്തിയതിലൂടെ അവര്‍ തെളിയിച്ചു. ഇത്തരം വിലകുറഞ്ഞ സൂത്രങ്ങള്‍ പ്രയോഗിക്കുന്നവരെക്കുറിച്ച് പറയുന്നതുതന്നെ കുറച്ചിലാണ്. താന്‍ ഒരിക്കലും ഡയറക്ടറാവാന്‍ അപേക്ഷിച്ച് നടന്നിട്ടില്ല. വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ മടിയോടെയാണ് സ്വീകരിച്ചത്. ‘പ്രയാസകരമായ സാഹചര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ തരണം ചെയ്യേണ്ടതിനു പകരം മോശമായി കൈകാര്യം ചെയ്തത് ഞെട്ടിച്ചു. വിവേകവും കാരുണ്യവും തൊട്ടുതീണ്ടാത്ത, മനുഷ്യവിഭവ മാനേജ്മെന്‍റ് വിനിയോഗവും വ്യവസായ ബന്ധവും അറിയാത്ത മാനേജ്മെന്‍റുള്ള സ്ഥാപനത്തിന്‍െറ ഡയറക്ടറായി തുടരാനില്ല’ -ജയകുമാര്‍ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.