പരിക്കേറ്റ ആനകളെ എഴുന്നള്ളിച്ച സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് പരിക്കേറ്റ ആനകളെ എഴുന്നള്ളിച്ചതിനെക്കുറിച്ച് കേന്ദ്ര എലിഫന്‍റ് പ്രോജക്ട് ഡയറക്ടര്‍ സംസ്ഥാന ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനില്‍ നിന്നും റിപ്പോര്‍ട്ട് തേടി. പൂരത്തിന് എഴുന്നള്ളിച്ച ആനകളെ പരിശോധിക്കാന്‍ കേന്ദ്ര മൃഗക്ഷേമബോര്‍ഡ് നിയോഗിച്ച സംഘത്തെ തടഞ്ഞതിനെക്കുറിച്ചും അടിയന്തര വിശദീകരണം നല്‍കണമെന്ന് കേന്ദ്രം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂരത്തിന് എഴുന്നള്ളിച്ച ആനകളുടെ പരിക്കിന്‍െറ ചിത്രങ്ങള്‍ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര എലിഫന്‍റ് പ്രോജക്ട് ഡയറക്ടര്‍ ആര്‍.കെ.ശ്രീവാസ്തവ സംസ്ഥാന ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 2015 ആഗസ്റ്റ് 18ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് ആനകളോട് ക്രൂരത കാണിക്കുന്നില്ളെന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര മൃഗക്ഷേമബോര്‍ഡ് പ്രതിനിധികളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി കലക്ടര്‍ കണക്കിലെടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ആറംഗ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംഘം ആനകളെ പരിശോധിക്കാന്‍ തൃശൂരില്‍ പൂരപ്പറമ്പിലത്തെിയത്. ഗ്രീന്‍നെറ്റ് കെട്ടിമറച്ച സ്ഥലത്തുവെച്ചാണ് സംസ്ഥാന മൃഗക്ഷേമ വകുപ്പ് ജോ.ഡയറക്ടര്‍ ഡോ.കെ.എസ്.തിലകന്‍െറ നേതൃത്വത്തില്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പരിശോധന നടന്നത്. ഇവിടെയത്തെിയ സംഘം തങ്ങളെ പരിചയപ്പെടുത്തി സുപ്രീംകോടതിയുടെ വിധിയും കേന്ദ്രമൃഗക്ഷേമബോര്‍ഡിന്‍െറ ഉത്തരവും സംഘാടകരെ കാണിച്ചു. അവര്‍ പക്ഷെ, അതോന്നും ഗൗനിച്ചില്ല. പൊലീസിന്‍െറ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ സംഘാടകര്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ തടഞ്ഞു എന്ന് കേന്ദ്രമൃഗക്ഷേമബോര്‍ഡ് സംഘം അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ രാത്രി വെടിക്കെട്ട് നിരോധിച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന് തൊട്ടു പിറകെയാണ് ആനയെഴുന്നള്ളിപ്പിന് നാട്ടാനപരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം വന്നത്. രാവിലെ എട്ട് മുതല്‍ 10 വരെയും വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെ മാത്രമെ ആനകളെ എഴുന്നള്ളിക്കാവൂ, അവക്കിടയില്‍ മൂന്ന് മീറ്റര്‍ അകലം വേണം തുടങ്ങിയ വ്യവസ്ഥകള്‍ വന്നതോടെ എഴുന്നള്ളിപ്പ് ഉപേക്ഷിച്ച് പൂരം ചടങ്ങാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. ആനവിലക്ക് ഉത്തരവ് പൂരം നടത്തിപ്പിനായി റദ്ദാക്കിക്കുക മാത്രമല്ല, ഉത്തരവ് ഇറക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വനംമന്ത്രി പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.