പള്ളി ആക്രമിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധം

കൊടുങ്ങല്ലൂര്‍: ആമണ്ടൂര്‍ ഓളിയില്‍ മുഹ്യിദ്ദീന്‍ പള്ളി ആക്രമിച്ചവരെ പിടികൂടാത്ത പൊലീസ് അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അക്രമം നടന്ന് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതി ഉണ്ടാകുന്നില്ളെന്നാണ് ആക്ഷേപം. തുടര്‍ച്ചയായ നാലാം തവണയാണ് പള്ളിക്കുനേരെ ആക്രമണം നടക്കുന്നത്. മൂന്നാം തവണ അക്രമം നടത്തിയയാളെക്കുറിച്ചും ബൈക്ക് സംബന്ധിച്ചും സൂചന ലഭിച്ചിട്ടും പൊലീസ് നടപടി ഉണ്ടായില്ല. ഇപ്പോള്‍ അന്വേഷണം തണുത്ത അവസ്ഥയാണ്. പ്രദേശത്ത് സ്പര്‍ദ്ധയുണ്ടാക്കി മുതലെടുക്കാനുള്ള സാമൂഹികദ്രോഹികളുടെ നീക്കം പൊലീസ് ഗൗരവത്തോടെ കാണുന്നില്ളെന്നും ആക്ഷേപമുണ്ട്. പൊലീസ് നിലപാടിനെതിരെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ വിവിധ മുസ്ലിം സംഘടനകളുടെയും ഓളി പള്ളി ആക്ഷന്‍ കൗണ്‍സിലിന്‍െറയും സംയുക്തയോഗം പ്രതിഷേധിച്ചു. ആല പനങ്ങാട് മുനവ്വര്‍ഷാ ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ മഹല്ലുളകില്‍നിന്നുള്ള പ്രസിഡന്‍റ്, സെക്രട്ടറി, ഖതീബ് എന്നിവര്‍ പങ്കെടുത്തു. ഒരുമാസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയില്ളെങ്കില്‍ താലൂക്കിലെ മുഴുവന്‍ മുസ്ലിം സംഘടനകളെയും ഇതര സമുദായ സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനും പൊലീസ് അനാസ്ഥക്കെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ചേരമാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേസ് നടത്തിപ്പിനും മറ്റ് സഹായങ്ങള്‍ക്കും താലൂക്ക് മുസ്ലിം സംഘടനകളുടെ ഉപദേശകസമിതിക്ക് രൂപംനല്‍കി. മഹല്ല് പ്രസിഡന്‍റ് അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അഷ്റഫ് തൈപറമ്പില്‍ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഐ. മുഹമ്മദ്കുട്ടി സുഹ്രി, മുഹമ്മദ് റാഫി അന്‍വരി, ഇ.കെ. ഇബ്രാഹീംകുട്ടി മൗലവി, താജുദ്ദീന്‍ സ്വലാഹി, അനസ് നദ്വി, ശിഹാബ് സഖാഫി, അബ്ദുല്‍ ഖയ്യും എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി കാട്ടകത്ത് സ്വാഗതവും സി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.