ബില്ലുകള്‍ അവ്യക്തം, ജീവനക്കാരുടെ കുറവ്: ചാലക്കുടി കെ.എസ്.ഇ.ബിയില്‍ തര്‍ക്കം പതിവാകുന്നു

ചാലക്കുടി: ജീവനക്കാരുടെ കുറവും അവ്യക്തമായി പ്രിന്‍റ് ചെയ്ത ബില്ലുകളും മൂലം ചാലക്കുടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ കലഹം പതിവാകുന്നു. ബില്‍ത്തുകയും മറ്റും സംബന്ധിച്ചാണ് വൈദ്യുതി ബില്‍ അടയ്ക്കാനത്തെുന്നവരും കാഷ് കൗണ്ടറിലിരിക്കുന്നവരും തമ്മില്‍ തര്‍ക്കം ഉയരുന്നത്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീന്‍ പോലെയുള്ള പി.ഡി.എ യന്ത്രം വഴിയാണ് മീറ്റര്‍ റീഡര്‍മാര്‍ വൈദ്യുതി ബില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍, ഇത് പലപ്പോഴും മാഞ്ഞുപോകുന്നതാണ് പ്രശ്നമാകുന്നത്. മാത്രമല്ല മൂന്ന്, എട്ട് എന്നിവയും പൂജ്യം, ഒമ്പത്, ആറ് എന്നിവയും പലപ്പോഴും തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നുണ്ട്. അച്ചടിമഷിയുടെയോ കടലാസിന്‍െറയോ നിലവാരക്കുറവാണ് പ്രിന്‍റിങ് അവ്യക്തമാകുന്നതിന് കാരണം. എഴുതിക്കൊടുക്കുന്ന ബില്ല് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ ഇത്തരം തര്‍ക്കം ഉണ്ടായിരുന്നില്ല. നിലവാരമുള്ള ബില്ല് രീതി നടപ്പാക്കണം എന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. പണം അടയ്ക്കേണ്ട കൗണ്ടറില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ചാലക്കുടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ ഉപഭോക്താക്കളുമായുള്ള കലഹത്തിന് മറ്റൊരു കാരണം. കാഷ് കൗണ്ടര്‍ കമ്പ്യൂട്ടറൈസ്ഡ് ആണെങ്കിലും കൗണ്ടറില്‍ വേഗം പോരെന്ന് ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ട്. ചില ദിവസങ്ങളില്‍ ഉപഭോക്താക്കളെ പൊരിവെയിലത്താക്കിക്കൊണ്ട് പണമടക്കേണ്ട വരി കോമ്പൗണ്ടിന് പുറത്തേക്ക് വരെ നീളും. തിരക്കേറിയ സമയത്ത് കൂടുതല്‍ ജീവനക്കാരെ വെക്കാന്‍ അധികൃതര്‍ തയാറാവാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. അതേസമയം, ചാലക്കുടി സെക്ഷനില്‍ ഉപഭോക്താക്കളുടെ എണ്ണം പെരുകിയതാണ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ പറയുന്നത്. ചാലക്കുടി വിഭജിച്ച് പോട്ടയില്‍ കെ.എസ്.ഇ.ബിയുടെ പുതിയ സെക്ഷന്‍ ഓഫിസ് രൂപവത്കരിക്കാന്‍ വൈകുകയാണ്. ചാലക്കുടിയില്‍ 25,000 ഉപഭോക്താക്കള്‍ കവിഞ്ഞാല്‍ പുതിയ പോട്ട കെ.എസ്.ഇ.ബി ഡിവിഷന്‍ രൂപവത്കരിക്കുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ചാലക്കുടിയില്‍ ഉപഭോക്താക്കളുടെ സംഖ്യ 30,000 കവിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചാലക്കുടിയിലെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന മൂലം ചാലക്കുടി കെ.എസ്.ഇ.ബി ഡിവിഷനിലെ ജീവനക്കാര്‍ അമിത ജോലിഭാരത്തിലാണ്. ഏറെ നാളായി പോട്ട പ്രദേശവാസികളുടെ ആവശ്യമാണ് പോട്ട സെക്ഷന്‍ ഓഫിസ്. വൈദ്യുതിയുടെ ബില്ല് അടയ്ക്കാനും മറ്റ് സേവനങ്ങള്‍ക്കും ചാലക്കുടിയിലെ സെക്ഷന്‍ ഓഫിസിനെയാണ് കാലങ്ങളായി ഇവര്‍ ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.