ദേശീയപാതയില്‍ രണ്ട് അപകടം; നാലുപേര്‍ക്ക് പരിക്ക്

കൊടുങ്ങല്ലൂര്‍: എന്‍.എച്ച് 17 എസ്.എന്‍ പുരത്ത് പുലര്‍ച്ചെയും വൈകീട്ടുമുണ്ടായ രണ്ട് അപകടത്തില്‍ നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടോടെ പുതിയ പെട്രോള്‍ പമ്പിന് മുന്നില്‍ എയ്സ് വാഹനം നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. എയ്സിലുണ്ടായിരുന്ന മൂന്നുപീടിക പുന്നിലത്ത് നജുമുദ്ദീന്‍ (27), പോക്കാക്കില്ലത്ത് ഹാഷിം (30) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ പിന്‍ഭാഗത്തെ ടയറുകളും ആക്സിലും വേര്‍പെട്ട് തെറിച്ചുപോയി. റോഡിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി സുധീര്‍ (30) അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പരിസരവാസികളും സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനത്തെിയവരും പൊലീസും ആക്ട്സ് പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി എറണാകുളം ജില്ലയിലെ ഏലൂരിലേക്ക് പോകുകയായിരുന്നു ലോറി. പറവൂരില്‍ ലൈറ്റ് വര്‍ക്ക് കഴിഞ്ഞ് തിരികെ മൂന്നുപീടികയിലേക്ക് വരികയായിരുന്നു എയ്സിലുണ്ടായിരുന്നവര്‍. വൈകീട്ട് 6.30ന് എസ്.എന്‍ പുരം സെന്‍ററില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ പറവൂര്‍ നന്ദിയാട്ട്കുന്ന് ഹരിദാസ് (62), സൈക്കിള്‍ യാത്രക്കാരന്‍ എസ്.എന്‍ പുരം ഉല്ലാസ് വളവ് പറമ്പില്‍ രാജു (52) എന്നിവരെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളില്‍പെട്ടവരെയും പുന്നക്കബസാര്‍ ആക്ട്സ് പ്രവര്‍ത്തകരാണ് അവരുടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.