പരവൂര്‍ ദുരന്തം; പടക്കവിപണിയില്‍ മാന്ദ്യം

തൃശൂര്‍: പരവൂരിലെ വെടിക്കെട്ടപകടം വിഷു പടക്ക വില്‍പനയെ ബാധിച്ചു. വിഷുവിന് രണ്ട് ദിവസം ശേഷിക്കെ പടക്കവിപണി നനഞ്ഞമട്ടാണ്. കുട്ടികളുമായി എത്തുന്നവരുടെ എണ്ണം കുറഞ്ഞു. വെടിക്കെട്ടപകടത്തോടെ കച്ചവടം നന്നേ കുറഞ്ഞെന്ന് നഗരത്തിലെ കച്ചവടക്കാര്‍ പറഞ്ഞു. ഇക്കൊല്ലത്തെ വിഷു വിപണി നഷ്ടക്കച്ചവടമാകുമോ എന്ന ആശങ്കയാണിവര്‍ക്ക്. വിഷു വിപണി ലക്ഷ്യം വെച്ച് പലരും ലക്ഷങ്ങളുടെ പടക്കമാണ് വാങ്ങി സൂക്ഷിച്ചിരുന്നത്. കച്ചവടത്തിന് ശേഷം പണം നല്‍കാമെന്ന ധാരണയിലാണ് പലരും പടക്കം ഇറക്കിയത്. ചെറുകിടകച്ചവടക്കാരുടെ സ്ഥിതിയാണ് പരിതാപകരം. കടയിലത്തെുന്നവര്‍ പേരിനുമാത്രമെ വാങ്ങുന്നുള്ളൂ. വിഷുവിന് ഇത്തവണയും താരങ്ങള്‍ ചൈനീസ് പടക്കങ്ങളാണ്. ഇവയുടെ വൈവിധ്യങ്ങള്‍ക്കും കുറവില്ല. ശബ്ദത്തെക്കാള്‍ വര്‍ണത്തിന് പ്രാധാന്യം നല്‍കുന്നവക്കാണ് ആവശ്യക്കാര്‍. മുകളിലേക്കുയര്‍ന്ന് ചിതറുന്ന വോള്‍ക്കാനോ, തിരികൊളുത്തിയാല്‍ നാലുവശത്തുമായി വിടര്‍ന്ന് മയിലുകളെപ്പോലെ നൃത്തംവെക്കുന്ന പീക്കോക്ക് തുടങ്ങി ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ വിപണി ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിയിട്ടുണ്ട്. ചൈനീസിനൊപ്പം ശിവകാശി പടക്കങ്ങളും അല്‍പം ന്യൂജനറേഷനായിട്ടുണ്ട്. പടക്കകച്ചവടം നടത്തുന്നതിലും,സൂക്ഷിക്കുന്നതിലും പതിവിലധികം സുരക്ഷ ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സജീവമാകുന്ന പടക്കവിപണി ഇത്തവണ ചതിച്ചാല്‍ കുടുംബം പട്ടിണിയിലാകുമെന്ന അവസ്ഥയിലാണ് കച്ചവടക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.