തൃശൂര്‍: നഗരത്തില്‍ അഞ്ചാംദിവസവും കുടിവെള്ള വിതരണം മുടങ്ങി. പീച്ചിയില്‍ ജലശുദ്ധീകരണ പൈപ്പ്ലൈനില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാവാത്തതാണ് കാരണം. നഗരത്തിലേക്കുള്ള 700 എം.എം പ്രിമോ ഗ്രാവിറ്റി ലൈനിലെ ചോര്‍ച്ച അടക്കുന്ന പണി എന്ന് തീരുമെന്ന് പറയാനാവില്ല. സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണമില്ല. കുടിവെള്ളത്തിന് പീച്ചി വെള്ളത്തെയാണ് തൃശൂര്‍ നഗരവും സമീപത്തെ എട്ട് പഞ്ചായത്തുകളും ആശ്രയിക്കുന്നത്. കഴിഞ്ഞ ആറിനാണ് കുടിവെള്ള പൈപ്പുകളിലെ അറ്റകുറ്റപ്പണി മൂലം നഗരത്തില്‍ ജലവിതരണം മുടങ്ങിയത്. കടുത്തവേനല്‍ കണക്കാക്കാതെയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പ് അറ്റകുറ്റപ്പണിക്കിറങ്ങിയത്. പീച്ചിയില്‍ നിന്നുള്ള പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്. മിക്ക വീടുകളിലും കിണറുകള്‍ ഇല്ല. വേനലിന്‍െറയും പൂരം, വിഷു എന്നീ വിശേഷ ദിവസങ്ങളുടേയും പശ്ചാത്തലത്തില്‍ കുടിവെള്ളം മുടങ്ങിയതോടെ നഗരജഗവിതം ദുരിതത്തിലായിരിക്കുകയാണ്. താല്‍കാലികമായി ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ഏര്‍പ്പാട് ചെയ്യാന്‍ കോര്‍പറേഷന് ചുമതലയുണ്ടെങ്കിലും ഇത് കാര്യക്ഷമമായി നടക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. മിക്കയിടത്തും കുടിക്കാന്‍ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ആയിരവും രണ്ടായിരവും രൂപ മുടക്കിയാണ് മിക്ക കുടുംബങ്ങളും കുടിവെള്ളം വാങ്ങുന്നത്. കുടിവെള്ളമില്ലാതായതോടെ മറ്റിടങ്ങളിലെ ബന്ധുവീടുകളിലേക്ക് താല്‍കാലികമായി താമസം മാറിയവരും കുറവല്ല. പലയിടത്തും വെള്ളം കിട്ടാതായതോടെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുടിവെള്ളവുമായി വന്ന ടാങ്കര്‍ ലോറികള്‍ സ്വന്തം ഡിവിഷനിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അയ്യന്തോള്‍, വില്‍വട്ടം, കൂര്‍ക്കഞ്ചേരി, കോലഴി, കിള്ളന്നൂര്‍, ഒല്ലൂക്കര, നടത്തറ, തൃശൂര്‍ മെഡിക്കല്‍ കോളജ്, അടാട്ട്, അരിമ്പൂര്‍, മണലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കുടിവെള്ളം മുടങ്ങുമെന്ന് അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഞായറാഴ്ചയും തുടര്‍ന്ന അറ്റകുറ്റപ്പണികള്‍ തീര്‍ന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.