കേരളത്തില്‍ നീലഗിരി കടുവകളുണ്ടെന്ന് ഡിജോ; ഉണ്ടോ എന്ന് വനംവകുപ്പ്

തൃശൂര്‍: വംശനാശ ഭീഷണി നേരിടുന്ന നീലഗിരി കടുവ കേരളത്തില്‍ ഉണ്ടെന്ന് വന്യജീവി വിദഗ്ധന്‍ ഡിജോ തോമസ് തെളിവ് സഹിതം സമര്‍ഥിക്കുന്നു. ഇക്കാര്യം താന്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടും അതില്‍ വനം വകുപ്പ് താല്‍പര്യമെടുക്കുന്നില്ളെന്നും ഈ ജീവിയുടെ ചിത്രമെടുക്കാന്‍ ഒന്നര വര്‍ഷം മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാറിന് സമര്‍പ്പിച്ച അപേക്ഷയില്‍ അനുമതി നല്‍കാന്‍ വനംവകുപ്പ് തയാറായില്ളെന്നും അദ്ദേഹം പറയുന്നു. നീലഗിരി കടുവയുടെ കാര്യത്തില്‍ വനം വകുപ്പിന് ഗൗരവമാര്‍ന്ന സമീപനമില്ലത്രേ. നിലവില്‍ നീലഗിരി കടുവയുടെ ഫോട്ടോ ആരുടെയും പക്കലില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെയ്യാര്‍ മേഖലയിലാണ് ഇവയുടെ സാന്നിധ്യം കണ്ടത്. മാസങ്ങള്‍ക്ക് മുമ്പ് നെട്ടുകാല്‍ത്തേരി ഭാഗങ്ങളില്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് ഈ ഇനത്തില്‍പെട്ട മൃഗമാണെന്ന് വ്യക്തമായിരുന്നു. ഇത് അജ്ഞാതജീവിയാണെന്ന് പറഞ്ഞ് വനംവകുപ്പ് ഒഴിഞ്ഞുമാറി. അവയുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ നീലഗിരി കടുവയാണ് ഇതെന്ന് താന്‍ തെളിയിച്ചതായി ഡിജോ അവകാശപ്പെട്ടു. കഴിഞ്ഞമാസം എട്ടിന് തൃശൂര്‍ കാഞ്ഞാണി പ്രദേശത്ത് ഇത്തരം അജ്ഞാതജീവിയെ കണ്ടത്തെി. ആദ്യം കാട്ടുപൂച്ചയാണെന്നാണ് വനംവകുപ്പ് ഉള്‍പ്പെടെ പറഞ്ഞതെങ്കിലും ഇതും നീലഗിരി കടുവയാണെന്ന് സ്ഥിരീകരിച്ചതായി ഡിജോ പറഞ്ഞു. നെയ്യാര്‍, അഗസ്ത്യവനം മേഖലകള്‍, തൃശൂരിലെ കാഞ്ഞാണി, അതിരപ്പിള്ളി വാഴച്ചാല്‍, വയനാട് വനമേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ നീലഗിരി കടുവകളുള്ളതെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ ഇപ്പോള്‍ 30ല്‍ താഴെ നീലഗിരി കടുവകളാണുള്ളത്. വനത്തില്‍ താമസിച്ച് ചിത്രമെടുക്കാന്‍ അവസരം നല്‍കിയാല്‍ അത് തെളിയിക്കാന്‍ തയാറാണെന്ന് ഡിഫന്‍സ് അനലിസ്റ്റ് കൂടിയായ ഡിജോ വെല്ലുവിളിക്കുന്നു. എന്നാല്‍, വനംവകുപ്പ് ദുരൂഹ കാരണത്താല്‍ അവസരം നിഷേധിക്കുകയാണ്. പൂച്ച, പട്ടി വര്‍ഗങ്ങളുടെ പ്രത്യേകതകളുള്ളതാണ് നീലഗിരി കടുവകള്‍. ജീവിയെ നേരിട്ട് കാണാതെ ദൃക്സാക്ഷികളുടെ മൊഴിയും ശാസ്ത്രീയ രീതിയും അവലംബിച്ചാണ് ഇങ്ങനെ ഒരു ജീവിയുണ്ടെന്ന് വ്യക്തമായത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വനംവകുപ്പിന് കൈമാറിയിട്ടുമുണ്ട്. തന്‍െറ കണ്ടത്തെലുകള്‍ തള്ളാനോ സ്വീകരിക്കാനോ വനംവകുപ്പ് തയാറാവുന്നില്ല. ഈ ജീവികളെ കൂടി സംരക്ഷിക്കേണ്ടി വരുമെന്ന ഭയം കൊണ്ടാകാം വനംവകുപ്പ് അവയുടെ ഫോട്ടോ എടുക്കാന്‍ അനുമതി നല്‍കാത്തതെന്ന് ഡിജോ കുറ്റപ്പെടുത്തി. കടുവ, സിംഹം, പുലി, പുള്ളിപ്പുലി, ചീറ്റപ്പുലി, ഹിമപ്പുലി എന്നിവയുടെ ഗണത്തില്‍പ്പെടുന്ന നീലഗിരി കടുവ പട്ടിക്കടുവ, നായ്പ്പുലി, പട്ടിക്കൊറ്റന്‍ തുടങ്ങിയ പേരുകളിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. നായയുമായി ഈ ജീവിക്ക് മുഖസാദൃശ്യമുണ്ടെന്നും വലുപ്പത്തില്‍ സിംഹം, കടുവ എന്നിവക്ക് സമാനമാണെന്നും ഡിജോ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.