യു.ഡി.എഫും ഇറങ്ങി; പ്രചാരണം സജീവമാകുന്നു

വാടാനപ്പള്ളി: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തീരദേശത്ത് കൊടും ചൂടിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മണലൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലി ദിവസങ്ങള്‍ക്ക് മുമ്പേ പ്രചാരണം ആരംഭിച്ചിരുന്നു. നാലുദിവസം മുമ്പ് രംഗത്തിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഒ. അബ്ദുറഹ്മാന്‍കുട്ടിയും ഇവര്‍ക്കൊപ്പമിറങ്ങി. കടകളില്‍ കയറിയിറങ്ങിയുള്ള പ്രചാരണമാണ് മുന്നണികള്‍ നടത്തിവരുന്നത്. പകലില്‍ കനത്ത ചൂട് കാരണം വൈകീട്ടാണ് പ്രവര്‍ത്തനം ശക്തം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് ബി.ജെ.പി സ്ഥാനാര്‍ഥി. നാട്ടികയില്‍ സിറ്റിങ് എം.എല്‍.എ ഗീത ഗോപിയുടെ പ്രവര്‍ത്തനം നേരത്തെ ആരംഭിച്ചു. മരണവീടുകളിലും കടകളിലും കയറിയിറങ്ങിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ ഗീത ഗോപിയുടെ പ്രവര്‍ത്തനം. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ടി.വി. ബാബുവും ഒന്നാംവട്ട പ്രവര്‍ത്തനം പൂര്‍ത്തിയായി. കണ്‍വെന്‍ഷന്‍ ചാഴൂരില്‍ നടത്തിയാണ് ബാബു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇരുസ്ഥാനാര്‍ഥികളും ഏറെ മുന്നിലാണ്. ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.യു. രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ചാലക്കുടി സൗത്തിലെ കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍നിന്ന് വൈകീട്ട് നാലോടെയാണ് രാധാകൃഷ്ണന്‍ പ്രചാരണം ആരംഭിച്ചത്. ചാലക്കുടിയിലെ കോണ്‍ഗ്രസ് നേതാക്കളായ എബി ജോര്‍ജ്, വി.ഒ. പൈലപ്പന്‍, സി.ജി. ബാലചന്ദ്രന്‍, പി.കെ. ജേക്കബ്, ബിജു കാവുങ്ങല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലത്തെിയ രാധാകൃഷ്ണന്‍ അവിടത്തെ വ്യാപാരികളോടും യാത്രക്കാരോടും വോട്ടഭ്യര്‍ഥന നടത്തി. രാവിലെ ഇരിങ്ങാലക്കുടയില്‍ ബിഷപ് ഹൗസില്‍ എത്തി ബിഷപ് പോളി കണ്ണൂക്കാടനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃപ്രയാര്‍: നാട്ടിക നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. ദാസന്‍ നാട്ടികയില്‍ നിന്നും പ്രചാരണം ആരംഭിച്ചു. തൃപ്രയാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ സി.കെ.ജി വൈദ്യരുടെ വീട്ടിലത്തെി വൈദ്യരുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിയാണ് ദാസന്‍ പ്രചാരണത്തിന് ആരംഭം കുറിച്ചത്. കോണ്‍ഗ്രസ് നാട്ടിക ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് കെ. ദിലീപ്കുമാര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.യു. ഉദയന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ. ഷൗക്കത്തലി, പഞ്ചായത്തംഗം കെ.വി. സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പി.എം. സിദ്ദീഖ്, കെ.വി. സജീവന്‍ എന്നിവരോടൊപ്പമാണ് വൈദ്യരുടെ വീട്ടിലത്തെിയത്. മകനും നാട്ടിക ഗ്രാമപഞ്ചായത്തംഗവുമായ സി.ജി. അജിത്കുമാര്‍ ദാസനെയും കൂടെയുള്ളവരെയും സ്വീകരിച്ചു. ഇരിങ്ങാലക്കുട: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. കെ.യു. അരുണന്‍ ഇരിങ്ങാലക്കുട ടൗണില്‍ പര്യടനം നടത്തി. അധ്യാപകര്‍, പ്രഫഷനലുകള്‍, കായികതാരങ്ങള്‍, സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. സി.പി.എം നേതാവും സി.പി.എം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.കെ. മാമക്കുട്ടിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.