പത്മജക്കൊപ്പം ഫോട്ടോ എടുക്കാന്‍ തേറമ്പില്‍ വിസമ്മതിച്ചു

തൃശൂര്‍: സ്റ്റാര്‍ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഇറങ്ങിയതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ സജീവമായി. സംസ്ഥാനത്ത് സീറ്റ് നിഷേധിക്കപ്പെട്ട നാല് എം.എല്‍.എമാരുള്ള ജില്ലയില്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലീഡര്‍ കരുണാകരന്‍െറ തട്ടകത്തില്‍ അദ്ദേഹത്തിന്‍െറ അനന്തരാവകാശി തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നാണ് യു.ഡി.എഫ് ക്യാമ്പിലെ കണക്കുകൂട്ടല്‍. കരുണാകരപുത്രിയെ ഉള്ളംകൈയിലെടുത്ത് കൊണ്ടുനടക്കാന്‍ അദ്ദേഹം ആളാക്കിയവര്‍ നിരവധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പക്ഷെ, ഗ്രൂപ് നേതാക്കളായ തേറമ്പിലും സി.എന്നും ഇല്ലാതെയാണ് ഐ ഗ്രൂപ്പുകാരിയായ പത്മജ പ്രചാരണം തുടങ്ങിയത്. പൂങ്കുന്നം മുരളീമന്ദിരത്തിലെ കെ. കരുണാകരന്‍െറ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി രംഗത്തിറങ്ങിയ പത്മജക്കൊപ്പം കൂടാന്‍ കുറച്ച് എ ക്കാര്‍ മാത്രമാണുണ്ടായിരുന്നത്. തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച രാവിലെയും സിറ്റിങ് എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണനെ പത്മജ ചെന്നുകണ്ടപ്പോള്‍ ഒൗപചാരികമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. ഒരുമിച്ച് ഫോട്ടോയെടുക്കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു. മത്സരരംഗത്തില്ലാത്ത മുതിര്‍ന്ന നേതാവ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തിരുവനന്തപുരത്താണ്. തനിക്ക് സി.എന്‍. ബാലകൃഷ്ണന്‍െറയും തേറമ്പില്‍ രാമകൃഷ്ണന്‍െറയും പിന്തുണയുണ്ടെന്നും നൂറുശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും പത്മജ പറഞ്ഞു. ശക്തരായ എതിരാളികളുള്ളത് മത്സരിക്കാനുള്ള താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സി.എന്നും തേറമ്പിലും മത്സരത്തിനില്ലാത്തത് യു.ഡി.എഫിന്‍െറ ജയസാധ്യതയെ ബാധിക്കില്ല. അവരുടെ പിന്തുണ തനിക്കുണ്ട്. മറിച്ചെല്ലാം മാധ്യമങ്ങള്‍ പറയുന്നതാണ്. അവര്‍ പഴയ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസുകാര്‍ക്ക് കാലുവാരാനാവില്ല. എല്ലാവരുടെയും മുഖത്ത് സ്നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പാര്‍ട്ടി പറയുന്നതു പോലെയാണ് പ്രചാരണം. തീരുമാനങ്ങളെല്ലാം നേതാക്കളുടേതാണ്. ഓരോ വീട്ടില്‍ ചെന്നാലും അച്ഛനും മറ്റുമായുള്ള ബന്ധം ഓര്‍ത്തുപറയും. ആ അടുപ്പം മറ്റാര്‍ക്കും കിട്ടില്ളെന്നും തന്‍െറ ഭാഗ്യമാണെന്നും പത്മജ പറഞ്ഞു. തൃശൂര്‍ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കുകളുടെ ആസ്ഥാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ഇന്നലെ പത്മജ സന്ദര്‍ശിച്ചത്. മുന്‍ മേയര്‍മാരും കോണ്‍ഗ്രസ് നേതാക്കളുമായ രാജന്‍ ജെ. പല്ലന്‍, ഐ.പി. പോള്‍, കെ. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ജോസി ചാണ്ടി, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തേറമ്പില്‍ രാമകൃഷ്ണനെ തഴഞ്ഞതില്‍ കോണ്‍ഗ്രസില്‍ നല്ളൊരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായാംഗങ്ങളെ അവഗണിച്ചുവെന്ന് ആരോപിച്ച് നായര്‍ യൂത്ത്വിങ്ങിന്‍െറ പേരില്‍ ഡി.സി.സി ഓഫിസ് പരിസരം ഉള്‍പ്പെടെ തൃശൂര്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും അത്താണി തുടങ്ങിയ മേഖലകളിലും ചൊവ്വാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.