കോച്ചുകള്‍ വെട്ടിക്കുറച്ചു; അവധിക്കാല ട്രെയിന്‍ യാത്ര ദുരിതപൂര്‍ണം

തൃശൂര്‍: വേനലവധിക്കാലത്ത് പാസഞ്ചര്‍ ട്രെയിനുകളുടെ കോച്ചുകള്‍ കുറച്ചതും മറ്റ് തീവണ്ടികള്‍ക്കായി പിടിച്ചിടുന്നതും രാവിലത്തെ തീവണ്ടിയാത്ര ദുരിതപൂര്‍ണമാകുന്നു. കോച്ചുകള്‍ വെട്ടിക്കുറച്ച നടപടി കുടുംബമായി അവധിക്കാലത്ത് യാത്ര ചെയ്യുന്നവര്‍ക്കും സ്ഥിരം യാത്രികര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ജന.സെക്രട്ടറി പി. കൃഷ്ണകുമാര്‍ ആരോപിച്ചു. ദിവസങ്ങളായി രാവിലത്തെ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകളിലെ രണ്ടുവീതം കോച്ചുകളാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വെട്ടിക്കുറച്ചത്. ഇതുമൂലം ഈ ട്രെയിനുകളില്‍ വന്‍തിരക്കാണ് നിത്യവും അനുഭവപ്പെടുന്നത്. അതിനാല്‍ തൃശൂര്‍ കഴിഞ്ഞുള്ള സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. വൈകിയോടുന്ന ട്രെയിനുകള്‍ക്ക് വേണ്ടി പാസഞ്ചര്‍ ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നത് ദുരിതം ഇരട്ടിയാക്കുന്നു. രാവിലെ കൃത്യസമയത്ത് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ വൈകിയോടുന്ന ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്രഥ് തുടങ്ങിയ ട്രെയിനുകള്‍ക്കുവേണ്ടി പൂങ്കുന്നം ഒൗട്ടര്‍, തൃശൂര്‍, പുതുക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ പതിവായി പിടിച്ചിടുന്നു. ഈ ട്രെയിനുകളില്‍ എറണാകുളത്തേക്ക് യാത്ര ചെയ്യുന്നവര്‍ 30 മിനിട്ടിലധികം വൈകിയാണ് അവിടെ എത്തുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ബോഗികള്‍ ഉടന്‍ പുന$സ്ഥാപിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.