കുന്നംകുളത്ത് രാജീവ് ഗാന്ധി സ്മാരക വേദി കാടുപിടിച്ചു

കുന്നംകുളം: മൂന്ന് പതിറ്റാണ്ട് മുമ്പ് കുന്നംകുളത്ത് എത്തിയ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രസംഗിച്ച വേദി ആരും സംരക്ഷിക്കാനില്ലാതെ നശിക്കുന്നു. ഒരിടത്ത് പൊളിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ നഗരമധ്യത്തില്‍ സീനിയര്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച സ്റ്റേജ് അധികൃതരുടെ അനാസ്ഥക്ക് മുന്നില്‍ നോക്കുകുത്തിയാവുകയാണ്. 1987ല്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായാണ് രാജീവ്ഗാന്ധി കുന്നംകുളത്ത് എത്തിയത്. കുന്നംകുളം ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണ് ലക്ഷം രൂപ ചെലവഴിച്ച് മേല്‍ക്കൂരയോട് കൂടിയ പ്രസംഗവേദി നിര്‍മിച്ചത്. നാളുകള്‍ പിന്നിട്ടതോടെ മേല്‍ക്കൂര തകര്‍ന്നു. സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടവും ശക്തമായതോടെ മേല്‍ക്കൂര ഇല്ലാതായി. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ മാറി വരുന്ന ഭരണക്കാര്‍ താല്‍പര്യം കാണിച്ചില്ല. എന്നാല്‍, കഴിഞ്ഞ ചരമവാര്‍ഷിക ദിനത്തില്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കുന്നംകുളം നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാജി ആലിക്കല്‍, പൊതുപ്രവര്‍ത്തകന്‍ ലെബീബ് ഹസന്‍ എന്നിവര്‍ രംഗത്ത് വരുകയും ഇതുസംബന്ധിച്ച് സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്ക് അപേക്ഷയും നല്‍കി. എന്നിട്ടും നടപടിയും ഉണ്ടായില്ല. ഗ്രൗണ്ട് കാടുകയറിയതോടെ പ്രസംഗ വേദി ആരും കാണാത്ത നിലയിലുമായി. സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്ന നടപടിയുമായി രംഗത്ത് വന്നതോടെയാണ് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍, ആ കെട്ടിടം പ്രസംഗവേദി വരെ വരില്ളെന്ന് ഉറപ്പാക്കിയതായും പറയുന്നു. ഇതോടെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചവരും പിന്മാറി. സംരക്ഷിക്കപ്പെടണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യമുന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.