ഒരുങ്ങിയിറങ്ങി കള്ളന്മാര്‍; നിസ്സഹായരായി ജനം

തൃശൂര്‍: തൃശൂരിലിപ്പോള്‍ ഓരോ ദിവസവും തുടങ്ങുന്ന പുതിയ പുതിയ കവര്‍ച്ചാ വിശേഷങ്ങളുമായാണ്. വടക്കേക്കാട്ട് പ്രവാസി വ്യവസായി തടാകം കുഞ്ഞിമുഹമ്മദിന്‍െറ വീട്ടില്‍ നിന്നും ഒന്നരക്കോടിയിധികം രൂപ വരുന്ന വസ്തുക്കളാണ് മോഷണം പോയത്. വടക്കാഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും 115 പവന്‍െറ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതും പെരുമ്പിലാവില്‍ 117 പവന്‍െറ സ്വര്‍ണ നാണയങ്ങള്‍ മോഷ്ടിച്ചതുമാണ് ഇതിന് മുമ്പ് നടന്ന വലിയ മോഷണങ്ങള്‍. ജില്ലയിലെ ബാങ്കുകളില്‍ നിന്നും വന്‍ തോതില്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. 2006ല്‍ കാഞ്ഞാണിയിലെ സഹകരണ ബാങ്കില്‍ നിന്നും കവര്‍ന്നത് കിലോ കണക്കിന് സ്വര്‍ണമാണ്. പാടൂര്‍ സഹകരണ സംഘത്തില്‍ നിന്നും ഒരുകിലോയോളം സ്വര്‍ണം കവര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ ലോഡ്കൃഷ്ണ ബാങ്കിന്‍െറ ചുമര്‍ തുരന്ന് നടത്തിയ കവര്‍ച്ചയിലും കിലോ കണക്കിന് സ്വര്‍ണം നഷ്ടപ്പെട്ടു. മതിലകത്ത് വെല്‍ഫയര്‍ ഗ്രേഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ജില്ലയില്‍ മോഷണം വര്‍ധിക്കുന്നതില്‍ ജനം ഭീതിയിലാണ്. ഈമാസം ആദ്യം വെളിയന്നൂരില്‍ ബാങ്കിന്‍െറ എ.ടി.എം കൗണ്ടറില്‍നിന്ന് 26 ലക്ഷം രൂപയും അതിനു മുമ്പ് മുളങ്കുന്നത്തുകാവില്‍ കുഞ്ഞിന്‍െറ കഴുത്തില്‍ കത്തിവെച്ച് നടത്തിയ കവര്‍ച്ചയും ഭീതി പരത്തിയിരുന്നു. കോലഴിയില്‍ എ.ടി.എം മെഷീന്‍ അപ്പാടെ കടത്താനാണ് ശ്രമമുണ്ടായത്. എരുമപ്പെട്ടിയില്‍ ദമ്പതികളെ മയക്കിക്കിടത്തി നടത്തിയ മോഷണവും പേരാമംഗലത്ത് വയോധിക ദമ്പതികളെ മയക്കി സ്വര്‍ണവും പണവും കവര്‍ന്നതും അടുത്ത കാലത്താണ്. ഗുരുവായൂരില്‍ വീട്ടില്‍ നടന്ന മോഷണവും നാട്ടുകാരെ ആശങ്കയിലാക്കി. നിരവധി ദേവാലയങ്ങളില്‍ ഭണ്ഡാര കവര്‍ച്ചയും അടുത്ത കാലത്തുണ്ടായി. കഴിഞ്ഞ ദിവസം മണ്ണുത്തിയില്‍ പൂട്ടിയിട്ട വീട്ടില്‍ നടന്ന മോഷണത്തില്‍ ഏഴ് പവനാണ് നഷ്ടപ്പെട്ടത്. മോഷണം തടയുന്നതിലും മോഷ്ടാക്കളെ പിടികൂടുന്നതിലും പൊലീസ് പരാജയപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.