വഴിയോര കച്ചവടക്കാരുടെ ഷെല്‍ട്ടറിന്‍െറ മേല്‍ക്കൂര ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു

തൃശൂര്‍: വഴിയോര കച്ചവടക്കാരുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഷെല്‍ട്ടറിന്‍െറ മേല്‍ക്കൂര ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. ശക്തന്‍ നഗരില്‍ പണികഴിപ്പിച്ച കെട്ടിടത്തിന്‍െറ മേല്‍ക്കൂര ഷീറ്റാണ് കാറ്റില്‍ തകര്‍ന്നത്. പണികഴിപ്പിച്ച് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ ഉദ്ഘാടനം നടത്തി വഴിയോരകച്ചവടക്കാര്‍ക്ക് കെട്ടിടം വിട്ടുകൊടുത്തിട്ടില്ല. അതിനിടെയാണ് ഷീറ്റ് കാറ്റില്‍ വളഞ്ഞൊടിഞ്ഞത്. ഗുണമേന്മയില്ലാത്ത ഷീറ്റ് ഉപയോഗിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 400 പേര്‍ക്ക് 50 ചതുരശ്രഅടി വീതം കടമുറിയായി നല്‍കുന്നതിനാണ് നീക്കം. ഇതിനായി കടമുറി തിരിക്കുന്ന പ്രവൃത്തി കഴിഞ്ഞു. നേരത്തെ തറയില്‍ ടൈലും വിരിച്ചിരുന്നു. വെള്ളവും വൈദ്യുതിയും എത്തിച്ച് തുറന്നുകൊടുക്കുമെന്ന് കോര്‍പറേഷന്‍ അവകാശപ്പെട്ടിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെ കാര്യങ്ങളൊന്നും നടന്നില്ല. നേരത്തെ തയാറാക്കിയ 376 പേരുടെ പട്ടികയില്‍ മാറ്റം വരുത്തി 400 പേര്‍ക്ക് നല്‍കാന്‍ നീക്കമുണ്ടായാല്‍ സമരവുമായി രംഗത്തുവരുമെന്ന് പട്ടികയില്‍ ഉള്‍പ്പെട്ട കച്ചവടക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ നേരിടുന്നതിന് തന്ത്രങ്ങളാണ് അണിയറിയില്‍ തയാറാക്കുന്നത്. പട്ടിക രഹസ്യമായതിനാല്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് ആശ്രിതരെ തിരുകിക്കയറ്റുകയാണ് ലക്ഷ്യം. ഷെല്‍ട്ടര്‍ തുറക്കുന്നതോടെ ഒഴിവാക്കിയ കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന ഹൈകോടതിവിധിയും നടപ്പാക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. ശക്തനിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും കൈയേറി കച്ചവടം നടത്തിയിരുന്നവരെ 2013 മാര്‍ച്ചിലാണ് ഒഴിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.