നിരവധി കവര്‍ച്ചാകേസുകളിലെ പ്രതി പിടിയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയിലെ കവര്‍ച്ചകളുമായി ബന്ധപ്പെട്ട് വിഗ്രഹ, ഭണ്ഡാര മോഷ്ടാവ് പിടിയില്‍. അഴീക്കോട് കൊട്ടിക്കല്‍ കരിക്കപ്പാടത്ത് ഹാരിസാണ് (38) പിടിയിലായത്. ഇതോടെ കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 20 ഓളം ആരാധനാലയങ്ങളിലെ ഭണ്ഡാര കവര്‍ച്ചകള്‍ക്കും കടകളിലെ മോഷണത്തിനും സൈക്കിള്‍ മോഷണത്തിനും മുനമ്പം സ്റ്റേഷനിലെ രണ്ട് മോഷണത്തിനും തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു. മോഷണം പതിവായതോടെ സി.ഐയുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എറിയാട്, അഴീക്കോട്, എടവിലങ്ങ്, മത്തേല, അഞ്ചപ്പാലം, നാരായണമംഗലം, കോട്ടപ്പുറം, ടി.കെ.എസ് പുരം ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലും മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളിലും നടന്ന ഇരുപതോളം ഭണ്ഡാര കവര്‍ച്ചകള്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍, മതിലകം, വാടാനപ്പള്ളി, പറവൂര്‍, മുനമ്പം, പെരുമ്പാവൂര്‍, ആലുവ, വടക്കേക്കര സ്റ്റേഷനുകളില്‍ മാല പൊട്ടിക്കല്‍ അടക്കം എഴുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഡിവൈ.എസ്.പി പി.എ. വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ സി.ഐ എന്‍.എസ്. സലീഷ്, എസ്.ഐ പി.കെ. പത്മരാജന്‍, എസ്.സി.പി.ഒ മാരായ സി.ആര്‍. പ്രദീപ്, സി.കെ. ഷാജു, കെ.എം. മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സി.പി. മാരായ വി.എസ്. സ്വരൂപ്, കെ.എസ്. സുനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.